കാർ തിരികെ നൽകാതെ രജിസ്ട്രാർ: യോഗത്തിൽ നിന്ന് ഒഴിവാക്കി വി.സി

Thursday 17 July 2025 12:26 AM IST

□കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: ഔദ്യോഗിക കാർ തിരികെ നൽകണമെന്ന കേരള സർവകലാശാല വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിന്റെ ഉത്തരവ് വക വയ്ക്കാതെ, സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ. ഇന്നലെയും ഔദ്യോഗിക വാഹനത്തിൽ സർവകലാശാലയിലെത്തിയ അദ്ദേഹം, തനിക്ക് സ്വന്തം വാഹനമില്ലെന്ന് വ്യക്തമാക്കി.

ഡ്രൈവറിൽ നിന്ന് താക്കോൽ വാങ്ങാനും കാർ സർവകലാശാലയുടെ ഗ്യാരേജിൽ സൂക്ഷിക്കാനും വി.സി സെക്യൂരിറ്റി ഓഫീസറോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കില്ലെന്നാണ് രജിസ്ട്രാറുടെ നിലപാട്. സസ്പെൻഷൻ സിൻഡിക്കേറ്റ് പിൻവലിച്ചതിനാൽ താൻ രജിസ്ട്രാറുടെ പദവിയിൽ തുടരുകയാണെന്നും അതിനാൽ കാർ ഉപയോഗിക്കാൻ നിയമതടസമില്ലെന്നും ഡോ.അനിൽകുമാർ അറിയിച്ചതായി സെക്യൂരിറ്റി ഓഫീസർ വി.സിക്ക് റിപ്പോർട്ട്‌ ചെയ്തു.

അതിനിടെ, വിദേ ശവിദ്യാർത്ഥികൾക്ക് സർവകലാശാലയിൽ പ്രവേശനം നൽകുന്നത് സംബന്ധിച്ച സെൻറർ ഫോർ ഗ്ലോബൽ അക്കാഡമിയുടെ യോഗത്തിൽ നിന്ന് ഡോ.അനിൽകുമാറിനെ വി.സി ഒഴിവാക്കി. വി.സിയുടെ അദ്ധ്യക്ഷ്യതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ ഡോ.അനിൽകുമാർ പങ്കെടുത്തിരുന്നു. എന്നാൽ അനിൽകുമാറിനെ ഒഴിവാക്കാൻ വി.സി നിർദ്ദേശിക്കുകയായിരുന്നു. രജിസ്ട്രാറുടെ ചുമതല വി.സി കൈമാറിയ ഡോ.മിനി കാപ്പനാണ് യോഗത്തിൽ പങ്കെടുത്തത്. വി.സിയുടെ ഉത്തരവുകൾ തുടർച്ചയായി ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വി.സിക്ക് ചുമതലകൾ വഹിക്കാനാവാത്ത സാഹചര്യമുണ്ടായാൽ ഗൗരവമായി കാണുമെന്നും രാജ്ഭവൻ വ്യക്തമാക്കി. .

93 വിദേശ

വിദ്യാർത്ഥികൾ

സർവകലാശാലയുടെ വിവിധ കോളേജുകളിൽ 93വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ സെൻറർ ഫോർ ഗ്ലോബൽ അക്കാഡമി യോഗം തീരുമാനിച്ചു. 90പേർക്ക് പഠനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. 3പേർ ചെലവ് സ്വന്തമായി വഹിക്കും. 90 പേരുടെ പഠനച്ചെലവ് പൂർണമായി കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. കേരള സർവകലാശാലയിൽ പഠിക്കാൻ 2620 വിദേശ വിദ്യാർത്ഥികൾ അപേക്ഷിച്ചിരുന്നു. 93ൽ

ഏറെപ്പേരും ബിഎ, ബി കോം, എം എ കോഴ്സുകൾക്കാണ് പ്രവേശനം നേടിയത്. അറബ് രാജ്യങ്ങളിലും, ആഫ്രിക്ക, ശ്രീലങ്ക, മാലി തുടങ്ങിയ രാജ്യങ്ങളിലുമുള്ളവരാണേറെയും.