മെഡിക്കൽ പ്രവേശനം: തുടർ നടപടികൾക്ക് 21 വരെ സമയം

Wednesday 16 July 2025 11:35 PM IST

കൊച്ചി: കേരള മെ‌ഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് പരീക്ഷാഫലം ഈ മാസം 21ന് രാത്രി 11.59നകം ഓൺലൈനായി സമർപ്പിക്കണമെന്ന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.

2025-26 അദ്ധ്യയന വർഷം കേരളത്തിലെ സർക്കാർ മെഡിക്കൽ/ദന്തൽ കോളേജുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലെയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെ എൻ.ആർ.ഐ ക്വാട്ട, മൈനോരിറ്റി ക്വാട്ട ഉൾപ്പെടെയുള്ള മുഴുവൻ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലെയും പ്രവേശനം എൻ.ടി.എ ലഭ്യമാക്കിയിട്ടുള്ള 'നാഷണൽ എലിജിബിലിറ്റി - കം - എൻട്രൻസ് ടെസ്റ്റ് (NEET-UG) 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാകമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഏകീകൃത കാൗൺസലിംഗ് വഴി ആയിരിക്കും.

ആയുർവേദം (BAMS), ഹോമിയോപ്പതി (BHMS), സിദ്ധ (BSMS), യുനാനി (LBUMS) എന്നീ മെഡിക്കൽ കോഴ്സുകളിലെയും, അഗ്രികൾച്ചർ, ഫോറസ്റ്ററി, വെറ്ററിനറി സയൻസ് തുടങ്ങിയ അനുബന്ധ കോഴ്സുകളിലെയും പ്രവേശനം നീറ്റ് (യു.ജി) 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാകമ്മീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും.

വിദ്യാർത്ഥികൾക്ക് നീറ്റ് (യു. ജി) - 2025 ഫലം പ്രവേശന പരീക്ഷാകമ്മീഷണർക്ക് സമർ പ്പിക്കുന്നതിന് 21ന് രാത്രി 11.59 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ലഭ്യമാണ്. നിശ്ചിത സമയത്തിനകം സമർപ്പിക്കാത്ത അപേക്ഷകരെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതല്ല. ഹെൽപ് ലൈൻ നമ്പർ : 04712332120, 2338487