എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുമ്പോൾ
ഡോ.ടി.പി.സേതുമാധവൻ കീം റാങ്ക് ലിസ്റ്റനുസരിച്ച് എൻജിനിയറിംഗ് പ്രവേശന ഓപ്ഷൻ നൽകൽ പുരോഗമിക്കുമ്പോൾ കൂടുതൽ വിദ്യാർത്ഥികളും താത്പര്യപ്പെടുന്നത് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് കോഴ്സിനോടാണ്. കോഴ്സിൽ 20 ഓളം ബ്രാഞ്ചുകളുണ്ട്. എ.ഐ,മെഷീൻ ലേർണിംഗ്, സൈബർ സെക്യൂരിറ്റി തുടങ്ങി നിരവധി ബ്രാഞ്ചുകളുണ്ട്. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ച് തിരഞ്ഞെടുക്കുന്നതാണ് ഏറെ അഭികാമ്യം. അതിനാൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, മെക്കാനിക്കൽ തുടങ്ങിയ ബ്രാഞ്ചുകൾക്ക് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയാനിടവരുന്നു. എൻജിനിയറിംഗ് ബിരുദധാരികളിൽ 81 ശതമാനവും എൻജിനിയറിംഗ് സർവീസ് മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. ഏത് എൻജിനിയറിംഗ് ബ്രാഞ്ച് പഠിച്ചവർക്കും ഐ.ടി, ഐ.ടി അധിഷ്ഠിത മേഖലയിൽ പ്രവർത്തിക്കാം.
രാജ്യത്ത് അഞ്ചു ലക്ഷത്തോളം എൻജിനിയറിംഗ് ബിരുദധാരികളാണ് പ്രതിവർഷം പുറത്തിറങ്ങുന്നത്. നിരവധി എൻജിനിയറിംഗ് പ്രവേശന പരീക്ഷകളുമുണ്ട്. അതിനാൽ വിദ്യാർത്ഥികൾ ഏത് എൻജിനിയറിംഗ് ബ്രാഞ്ച് തിരഞ്ഞെടുക്കണം? എന്നതിനെക്കുറിച്ചു വ്യക്തമായ തീരുമാനമെടുക്കണം. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ താല്പര്യമുള്ളവർ എൻജിനിയറിംഗ് ബ്രാഞ്ച് തിരഞ്ഞെടുക്കാം. 53 ഓളം എൻജിനിയറിംഗ് ബ്രാഞ്ചുകളുണ്ട്. കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട 19 ഓളം ബ്രാഞ്ചുകളുണ്ട്. ഇവ ആത്യന്തികമായി കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചുകൾ തന്നെയാണ്. ഇലക്ട്രോണിക്സ് & ഇൻസ്ട്രമെന്റഷൻ, സിവിൽ, മെക്കാനിക്കൽ, പ്രൊഡക്ഷൻ എൻജിനിയറിംഗിലുംലും സമാന ബ്രാഞ്ചുകളുണ്ട്.
ഏത് എഞ്ചിനീയറിംഗ് ബ്രാഞ്ചെടുത്താലും 80 ശതമാനത്തോളം പ്ലേസ്മെന്റ് കമ്പ്യൂട്ടർ, ഐ.ടി അധിഷ്ഠിത മേഖലയിലാണ്. കോർ എൻജിനിയറിംഗ് ബ്രാഞ്ചുകളായ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐ ടി ബ്രാഞ്ചുകൾക്ക് എല്ലായിപ്പോഴും സാദ്ധ്യതകളുണ്ട്. പക്ഷെ ഉപരിപഠനമോ, സ്പെഷ്യലൈസേഷനോ, സ്കിൽ വികസന കോഴ്സുകളോ ബിരുദ ശേഷം വരും നാളുകളിൽ ആവശ്യമായി വരും. കെമിസ്ട്രിയിൽ താല്പര്യമുള്ളവർക്ക് കെമിക്കൽ എൻജിനിയറിംഗ്, ബയോളജിയോട് അഭിമുഖ്യമുള്ളവർക്കു ഡയറി സയൻസ് & ടെക്നോളജി, അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ബയോടെക്നോളജി, ബയോമെഡിക്കൽ, ഫുഡ് ടെക്നോളജി, ഫുഡ് എൻജിനിയറിംഗ്, എൻവിറോണ്മെന്റൽ എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം. താല്പര്യവും, അഭിരുചിയും വിലയിരുത്തി മാത്രമേ ബ്രാഞ്ചുകൾ കണ്ടെത്താവൂ. മറൈൻ എൻജിനിയറിംഗ്, സേഫ്റ്റി ആൻഡ് ഫയർ, ഷിപ് ബിൽഡിംഗ് & നേവൽ ആർക്കിടെക്ചർ എന്നിവ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മികച്ച ബ്രാഞ്ചുകളാണ്. കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ ഭൗതിക സൗകര്യം, ഫാക്കൽറ്റി, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, പ്ലേസ്മെന്റ്, ഹോസ്റ്റൽ സൗകര്യം എന്നിവ വിലയിരുത്തണം.
*