ലൂക്ക മൊഡ്രിച്ച് എ.സി മിലാനിൽ

Wednesday 16 July 2025 11:55 PM IST

മിലാൻ : 13 സീസണുകൾക്ക് ശേഷം സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിൽ നിന്ന് പടിയിറങ്ങിയ ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്കാ മൊഡ്രിച്ച് ഇനി ഇറ്റാലിയൻ ക്ളബ് എ.സി മിലാന്റെ കുപ്പായത്തിൽ. ഒരുവർഷത്തേക്കാണ് നിലവിൽ കരാർ. റയലിനൊപ്പം ആറ്ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 4 സ്പാനിഷ് ലീഗുകളും അടക്കം 28 ട്രോഫികൾ നേടിയിട്ടുള്ള മോഡ്രിച്ച് 2018ലെ ബാലൺ ഡിഓർ പുരസ്കാര ജേതാവുമാണ്.

39കാരനായ ലൂക്ക മൊഡ്രിച്ച് ഈ ലാ ലിഗ സീസണിലെ അവസാന മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ ക്യാപ്ടന്റെ ആം ബാൻഡണിഞ്ഞാണ് കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 87-ാം മിനിട്ടിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ ഇരുടീമംഗങ്ങളും ചേർന്ന് ഗാർഡ് ഒഫ് ഓണർ നൽകിയാണ് മടക്കിയത്.

ക്രൊയേഷ്യൻ നായകനായിരുന്ന ലൂക്ക 2012ലാണ് ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാമിൽ നിന്ന് റയലിലെത്തിയത്.

13 വർഷം നീണ്ട റയൽ കരിയറിൽ 394 മത്സരങ്ങൾ കളിച്ചു. 30 ഗോളുകൾ നേടി. 28 കിരീടവിജയങ്ങളിൽ പങ്കാളിയായി.