കീമിൽ സർക്കാർ അപ്പീലിനില്ല, പ്രവേശനം പുതിയ റാങ്ക്ലിസ്റ്റ് പ്രകാരം
ന്യൂഡൽഹി: കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സർക്കാർ. പ്രവേശന നടപടികൾ തടസപ്പെടുമെന്നതിനാൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. പഴയ രീതിയിലേക്ക് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ചതോടെ പിന്നിൽപ്പോയ കേരള സിലബസ് വിദ്യാർത്ഥികൾക്ക് കണ്ണീർ തന്നെ.
തങ്ങളോട് കാട്ടുന്നത് അനീതിയാണെന്ന് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ വാദിച്ചപ്പോഴാണ് ഈഘട്ടത്തിൽ അനിശ്ചിതത്വമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അതുൽ എസ്.ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് ആവർത്തിച്ചത്. ആഗസ്റ്റ് 14നകം എ.ഐ.സി.ടി.ഇ ഷെഡ്യൂൾ അനുസരിച്ച് പ്രവേശനം പൂർത്തിയാക്കണം. അപ്പീൽ നൽകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പ്രവേശനനടപടികളെ ബുദ്ധിമുട്ടിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സർക്കാരിനു വേണ്ടി അഭിഭാഷകൻ ജയ്ദീപ് ഗുപ്‌തയും അറിയിച്ചു. സ്റ്റേറ്റ് സിലബസുകാരുടെ ഹർജിയിൽ മെരിറ്റിൽ വാദം കേൾക്കുന്നതിനെ പിന്തുണയ്‌ക്കും. നാലാഴ്ചയ്‌ക്കു ശേഷം പരിഗണിക്കാൻ മാറ്റി.