പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗബാധയെന്ന് സംശയം
പാലക്കാട്: മണ്ണാർക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന് രോഗബാധയെന്ന് സംശയം. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധയിലാണ് നിപ കണ്ടെത്തിയത്.
ഇയാളുടെ സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയിച്ചിട്ടുണ്ട്. ഫലം ലഭിച്ചാൽ മാത്രമേ ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കൂ. 32 കാരനായ മകനാണ് അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. നിലവിൽ ഇയാൾ പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവിടെ ഒമ്പതുപേർ ഐസൊലേഷനിൽ കഴിയുന്നുണ്ട്.
ജില്ലയിലാകെ 385 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. അതിൽ 178 പേർ നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനിയുടേതും 207 പേർ കുമരം പുത്തൂർ സ്വദേശിയുടേയും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരാണ്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ 1568 വീടുകളിൽ പനി സർവേ പൂർത്തീകരിച്ചു.
ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുതല ഏകോപനയോഗം ഓൺലൈനിൽ ചേർന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ടീം 150 വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചു.