കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Thursday 17 July 2025 12:14 AM IST

ശബരിമല: കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി

തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ചു. ശക്തമായ മഴയും കോടമഞ്ഞും അവഗണിച്ച് നൂറുകണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയത്. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു. ഇന്ന് പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉദയാസ്തമന പൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കി ഒന്നിന് നടയടയ്ക്കും. വൈകിട്ട് 4ന് നടതുറന്ന് 6.30 ന് ദീപാരാധന നടത്തും. പടിപൂജയും പുഷ്പാഭിഷേകവും ഉണ്ടാകും. കർക്കടക മാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10 ന് നട അടയ്ക്കും. നിറപുത്തരി പൂജകൾക്കായി 29ന് നട തുറക്കും. 30നാണ് നിറപുത്തരി.