അസാധാരണ സാഹചര്യങ്ങളിൽ പീഡനക്കേസ് ഒത്തുതീർപ്പാക്കാം: സുപ്രീംകോടതി
ന്യൂഡൽഹി: അസാധാരണ സാഹചര്യങ്ങളിൽ പീഡനക്കേസ് ഒത്തുതീർപ്പാക്കാവുന്നതാണെന്ന നിലപാടെടുത്ത് സുപ്രീംകോടതി. പ്രത്യേക സാഹചര്യങ്ങളിൽ പ്രതിയും ഇരയും തമ്മിൽ ഒത്തുതീർപ്പുണ്ടായാൽ കേസ് റദ്ദാക്കാവുന്നതാണ്. അതിജീവിതയും പ്രതിയും തമ്മിൽ ഒത്തുതീർപ്പായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ പീഡനക്കേസ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. മുൻവൈരാഗ്യത്തെ തുടർന്നാണ് മാനഭംഗപരാതി ഉന്നയിച്ചതെന്ന് ഇര പറയുന്നു. കേസുമായി മുന്നോട്ടുപോകാനും താത്പര്യമില്ല. വിവാഹം കഴിഞ്ഞെന്നും ക്രിമിനൽ കേസ് തുടരുന്നത് സമാധാനത്തെ ബാധിക്കുമെന്നും പരാതിക്കാരി അറിയിച്ചിരിക്കുന്നു. ഇരുവരും തർക്കങ്ങൾ പറഞ്ഞുതീർത്തിരിക്കുന്നു. ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിനെ അറിയിച്ചിരുന്നെങ്കിലും ഇടപെടാൻ തയാറായില്ല. തുടർന്ന് പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.