ശുഭാംശുവിനെ പ്രകീർത്തിച്ച് പ്രമേയം പാസാക്കി

Thursday 17 July 2025 1:31 AM IST

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്‌ത്, ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം പ്രമേയം പാസാക്കി. രാജ്യത്തിന് അഭിമാനത്തിന്റെയും മഹത്വത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണെന്ന് പ്രമേയത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നതിൽ കേന്ദ്ര മന്ത്രിസഭ രാജ്യത്തോടൊപ്പം ചേരുന്നു. ഈ നേട്ടം സാദ്ധ്യമാക്കിയ ശാസ്ത്രജ്ഞരെയും എൻജിനിയർമാരെയും അഭിനന്ദിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന നേതൃത്വത്തെ ഇതുകാണിക്കുന്നു. ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ ആഗോള സ്ഥാനം ഗണ്യമായി ഉയർത്തുന്നതാണ് വിജയകരമായ ദൗത്യം. ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്നിവയുൾപ്പെടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ദൗത്യങ്ങൾക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. ശുഭാംശു ശുക്ലയുടെ ദൗത്യം വെറുമൊരു വ്യക്തിഗത വിജയം മാത്രമല്ല. പുതു തലമുറയ്‌ക്ക് പ്രചോദനത്തിന്റെ ദീപസ്തംഭമാണ്. ശാസ്ത്രബോധം ജ്വലിപ്പിക്കും. ജിജ്ഞാസ വർദ്ധിപ്പിക്കും. ശാസ്ത്ര മേഖലയിൽ തൊഴിൽ തേടാൻ യുവാക്കളെ പ്രചോദിപ്പിക്കും. 2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദേശീയ ലക്ഷ്യത്തിന് ഈ ദൗത്യം ഊർജ്ജം പകരുമെന്ന് മന്ത്രിസഭ ഉറച്ചു വിശ്വസിക്കുന്നതായും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.