കേരള ഫിലിം പോളിസി കോൺക്ലേവ് തലസ്ഥാനത്ത്

Thursday 17 July 2025 1:37 AM IST

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിന് മുന്നോടിയായി കേരള ഫിലിം പോളിസി കോൺക്ലേവ് നടത്തും. ആഗസ്റ്റ് 2, 3 തീയതികളിൽ നിയമസഭ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. കോൺക്ലേവിലെ ചർച്ചകൾക്കുശേഷം നയം മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കും.

ആറുമാസത്തിനുള്ളിൽ നയം നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ആവിഷ്കാരസ്വാതന്ത്ര്യം ചോദ്യം ചെയ്യുന്ന നിരവധി വിഷയങ്ങൾ ഇപ്പോഴുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കത്രികവയ്ക്കാനുള്ള അവകാശം സെൻസർ ബോർഡിനില്ല. ബോധപൂർവമായ കത്തിവയ്ക്കലുകളാണ് നടക്കുന്നത്. ഇത്തരം വിഷയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും. സിനിമ മേഖലയിലെ തൊഴിൽ സുരക്ഷ, തൊഴിൽ നിയമങ്ങൾ എന്നിവ അടക്കം ഒമ്പത് സെഷനുകൾ കോൺക്ലേവിലുണ്ടാകും. ഇതിൽ ഉരുത്തിരിയുന്ന കാര്യങ്ങൾ കൂടി സിനിമ നയത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കോൺക്ലേവിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ‌് ചെയർമാൻ മധുപാൽ, കെ.എസ്.എഫ്.ഡി.സി എം.ഡി പി.എസ്. പ്രിയദർശനൻ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയി തുടങ്ങിയവർ പങ്കെടുത്തു.