'ജാനകി ' ഇന്ന് തിയേറ്ററിൽ

Thursday 17 July 2025 1:37 AM IST

കൊച്ചി: 'ജെ.എസ്‌.കെ - ജാനകി വി. വെഴ്സസ് സ്റ്റേറ്റ് ഒഫ് കേരള" സിനിമയുടെ പേരുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ അവസാനിച്ചു. സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകിയതായി സെൻസർ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ഇന്ന് പ്രദർശനം തുടങ്ങുമെന്ന് നിർമ്മാതാക്കളും അറിയിച്ചു. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ഹർജി തീർപ്പാക്കി. അതേസമയം, സിനിമയുടെ ടീസറിലും മുമ്പേ ഇറക്കിയ പോസ്റ്ററിലും ജാനകി വെഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്ന പേര് മാറ്റാത്തതു കൊണ്ട് ഹർജിക്കാർക്കെതിരെ നടപടി ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

ടീസറിന് സെൻസർ ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് ശേഷമാണ് ജാനകി എന്ന പേര് മാറ്റണമെന്ന് നിർദ്ദേശിച്ച് പ്രദർശനാനുമതി നിഷേധിച്ചത്.

സിനിമയുടെ ടൈറ്റിലിലും ഉള്ളടക്കത്തിലും മാറ്റങ്ങൾ വരുത്തിയ പുതിയ പതിപ്പിനാണ് അനുമതി നൽകിയത്. ടീസറിലടക്കം പേര് മാറ്റുന്നതിലെ ചെലവ് ചൂണ്ടിക്കാട്ടി ഇളവ് വേണമെന്ന് ഹർജിക്കാർ ഇന്നലെ ആവശ്യമുന്നയിച്ചു. ഇത് കോടതി അനുവദിച്ചു. ഇക്കാര്യത്തിൽ സെൻസർ ബോർഡിന്റെ എതിർപ്പ് പരിഗണിച്ചില്ല.