കാക്കക്കൂട്ടിലെ സ്വർണം കൊണ്ട് ഹരിതയ്ക്ക് പുതിയ വളയൊരുങ്ങും
മലപ്പുറം: കാക്കൂട്ടിൽ നിന്ന് തിരിച്ചുകിട്ടിയ സ്വർണ വള ഉരുക്കിയെടുത്ത് ഹരിത പുതിയൊരു വളയുണ്ടാക്കും. സാമ്പത്തിക പ്രയാസം മൂലം അൽപ്പം കാത്തിരിക്കാനാണ് തീരുമാനം. വീട്ടുമുറ്റത്ത് അലക്കുന്നതിനിടെ ഊരിവച്ച മഞ്ചേരി തൃക്കലങ്ങോട്ടെ മുല്ലശ്ശേരി ഹരിതയുടെ ഒന്നര പവന്റെ സ്വർണ വള രണ്ടര വർഷം മുമ്പാണ് കാക്ക കൊത്തിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം തെങ്ങുകയറ്റ തൊഴിലാളിയായ ചെറുപള്ളിക്കൽ അൻവർ സാദത്തിലൂടെ സ്വർണം ഹരിതയെ തേടിയെത്തി.
രണ്ടുവയസുകാരനായ മകന്റെ കരച്ചിൽ കേട്ട് വീട്ടിനകത്തേക്ക് പോയി തിരിച്ചിറങ്ങിയ നിമിഷത്തിലാണ് കാക്ക വള കൊത്തിയെടുത്തത്. ബഹളം വച്ച് പിറകെ ഓടിയെങ്കിലും കാക്ക പറന്നകന്നു. വിവാഹനിശ്ചയത്തിന് ഭർതൃപിതാവായ പെരിമ്പലത്ത് സുരേഷ് സമ്മാനിച്ചതാണ് വള. 2019 ഫെബ്രുവരി 11നാണ് ഹരിതയുടെയും ശരത്തിന്റെയും വിവാഹനിശ്ചയം നടന്നത്. സ്വർണം നഷ്ടപ്പെട്ടത് 2022 ഫെബ്രുവരി 20നും.
വീടിനടുത്തുള്ള മരങ്ങളിലെല്ലാം പലരെയും കയറ്റി പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തിരിച്ചുകിട്ടില്ലെന്ന് മനസിൽ ഉറപ്പിച്ചു. കഴിഞ്ഞ മേയിൽ വള നഷ്ടപ്പെട്ട വീടിന് 50 മീറ്റർ മാത്രം അകലെയുള്ള സ്ഥലത്ത് തേങ്ങയിടാൻ എത്തിയതായിരുന്നു അൻവർ. സ്ഥലമുടമയുടെ അനുമതിയോടെ അന്ന് വൈകിട്ട് മാവിൽ നിന്ന് മാങ്ങ പറിക്കാൻ അൻവറെത്തി. എട്ടാം ക്ലാസുകാരിയായ മകൾ ഫാത്തിമ ഹുദയെ താഴെവീഴുന്ന മാങ്ങ ശേഖരിക്കാൻ കൂടെക്കൂട്ടി. മാവിന്റെ കൊമ്പ് കുലുക്കുന്നതിനിടെ അതിലുണ്ടായിരുന്ന കാക്കകൂട് നിലത്തേക്ക് പതിച്ചപ്പോൾ കൂടിനുള്ളിൽ തിളങ്ങുന്ന വസ്തു കണ്ടു. സ്വർണമാണെന്ന് ഉറപ്പിച്ച അൻവർ ഉടമസ്ഥനെ കണ്ടെത്താൻ തൃക്കലങ്ങോട് പൊതുജന വായനശാലയെ ഏൽപ്പിച്ചു. ജുവലറിയിലെ ബില്ലും വിവാഹ ആൽബവും തെളിവായി കൈമാറി സ്വർണവള ഹരിത കൈപ്പറ്റി.