വേടന്റെ പാട്ട് വെട്ടാൻ കാലിക്കറ്റ് യൂണി.

Thursday 17 July 2025 2:01 AM IST

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ബി.എ മൂന്നാം സെമസ്റ്റർ മലയാളം സിലബസിൽ നിന്ന് റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ. മലയാളം വിഭാഗം മുൻ മേധാവി ഡോ.എം.എം.ബഷീറിന്റേതാണ് ശുപാർശ. മൈക്കിൾ ജാക്സന്റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്' എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' സിലബസിൽ ഉൾപ്പെടുത്തിയത്.

വേടന്റേത് വായ്‌ത്താരിയാണ്. ആശയപരമായ ഇഴയടുപ്പത്തോടെ കാവ്യാത്മകമായ സങ്കല്പ്പനങ്ങൾ സൃഷ്ടിക്കുവാനോ അവയെ യുക്തിപരമായി ഇണക്കിച്ചേർക്കുവാനോ ഉദ്ദേശിച്ചിട്ടില്ല. വേടന്റെ പാട്ടുകളെ കുറിച്ചുള്ള താരതമ്യ പഠനം വിദ്യാർത്ഥികൾക്ക് അസാദ്ധ്യമെന്നും സമിതി ചൂണ്ടിക്കാട്ടി. സംഗീതം പഠിക്കാത്ത മലയാളം വിദ്യാർത്ഥികളോട് കഥകളി സംഗീതത്തെയും ശാസ്ത്രീയസംഗീതത്തെയും താരതമ്യം ചെയ്യാൻ പറയുന്നത് കഠിനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗരി ലക്ഷ്മിയുടെ അജിത ഹരേ മാധവ എന്ന ശാസ്ത്രീയ സംഗീത ആലാപനത്തെക്കുറിച്ചുള്ള താരതമ്യപഠനം ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരേ സിൻഡിക്കേറ്റിലെ ബി.ജെ.പി അംഗം എ.കെ.അനുരാജ് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയിരുന്നു. പഠനബോർഡ് നിർദ്ദേശപ്രകാരമാണ് വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ ചേർത്തതെന്നും എം.എം.ബഷീറിന്റെ റിപ്പോർട്ട് ലഭിച്ചാൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും വി.സി. ഡോ.പി.രവീന്ദ്രൻഅറിയിച്ചു