ഗാന്ധിജിയുടെ അപൂർവ ചിത്രത്തിന് 1.7 കോടി രൂപ
Thursday 17 July 2025 6:45 AM IST
ലണ്ടൻ: മഹാത്മാ ഗാന്ധിയുടെ അപൂർവ എണ്ണച്ചായ ചിത്രം വിറ്റുപോയത് 1.7 കോടി രൂപയ്ക്ക്. ലണ്ടനിൽ ബോൺഹാംസ് ഓക്‌ഷൻ ഹൗസ് നടത്തിയ ലേലത്തിൽ 80 ലക്ഷം രൂപ വരെയാണ് ചിത്രത്തിന് പ്രതീക്ഷിച്ചത്. സ്വന്തമാക്കിയത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിനായുള്ള ഗാന്ധിജിയുടെ ലണ്ടൻ സന്ദർശന വേളയിൽ ബ്രിട്ടീഷ്-അമേരിക്കൻ കലാകാരി ക്ലെയർ ലെയ്റ്റണാണ് ചിത്രം വരച്ചത്. ഒന്നിലേറെ തവണ ഗാന്ധിജിയെ സന്ദർശിച്ചാണ് ക്ലെയർ ചിത്രം പൂർത്തിയാക്കിയത്. ഗാന്ധിജിയെ മുന്നിലിരുത്തി ഒരു ആർട്ടിസ്റ്റ് വരച്ച ഏക എണ്ണച്ചായ ചിത്രമാണിതെന്ന് കരുതുന്നു.
1989ൽ മരണം വരെ ക്ലെയർ ഈ ചിത്രം തന്റെ ശേഖരത്തിൽ ഭദ്രമായി സൂക്ഷിച്ചു. പിന്നീട് അവരുടെ കുടുംബാംഗങ്ങളുടെ പക്കലെത്തി. 1974ൽ ഒരു ചിത്രത്തിനുനേരെ ആക്രമണ ശ്രമമുണ്ടായതായി ക്ലെയറിന്റെ കുടുംബം പറയുന്നു.