ക്യൂബയിൽ യാചകർ ഇല്ലെന്ന് മന്ത്രി, പിന്നാലെ രാജി
ഹവാന: രാജ്യത്ത് യാചകർ ഇല്ലെന്ന പ്രസ്താവന വിവാദം സൃഷ്ടിച്ചതിന് പിന്നാലെ ക്യൂബയിൽ തൊഴിൽ മന്ത്രി മാർത്ത എലേന ഫീറ്റോ കാബ്രെറ രാജിവച്ചു. 'യാചകർ" എന്ന ഒന്ന് ക്യൂബയിൽ ഇല്ലെന്നും മാലിന്യ കൂമ്പാരത്തിൽ തെരച്ചിൽ നടത്തുന്നവർ എളുപ്പത്തിൽ പണം സമ്പാദിക്കാൻ യാചകരായി അഭിനയിക്കുന്നവരാണെന്നും ഈ ആഴ്ച ആദ്യം നടന്ന പാർലമെന്റ് യോഗത്തിനിടെയാണ് മാർത്ത പറഞ്ഞത്.
മാർത്തയുടെ പരാമർശം രാജ്യത്തിനകത്തും പുറത്തും വിവാദമായി. പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ മാർത്തയെ പേരെടുത്ത് പറയാതെ വിമർശിക്കുകയും ചെയ്തു. പിന്നാലെയാണ് രാജി. ക്യൂബയിൽ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും രൂക്ഷമായ ഘട്ടത്തിലാണ് വിവാദം. യു.എസ് ഉപരോധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഭക്ഷ്യക്ഷാമത്തിന് കാരണമെന്ന് ക്യൂബൻ സർക്കാർ പറയുന്നു.
നേതൃത്വം ജനങ്ങളുടെ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പാടില്ലെന്ന് മിഗ്വൽ ഡയസ്-കാനൽ പാർലമെന്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷ്യ, ഭവന പ്രതിസന്ധി രൂക്ഷമായ ക്യൂബയിൽ ഭക്ഷണത്തിനായി മനുഷ്യർ മാലിന്യകൂമ്പാരങ്ങളിൽ തെരയുന്നതും തെരുവിൽ ഉറങ്ങുന്നതും സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്. നിരന്തരമുള്ള പവർക്കട്ടുകളും ജനജീവിതം ദുസ്സഹമാക്കുന്നു. രാജ്യത്ത് മരുന്നുകളും കിട്ടാനില്ല.