"ഇപ്പോൾ ചേട്ടന് വന്ന മാറ്റം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്"; ആശുപത്രിയിൽ പോയി ഷൈനിനെ കണ്ടിരുന്നെന്ന് തനൂജ

Thursday 17 July 2025 10:13 AM IST

മോഡലായ തനൂജയുമായി പ്രണയത്തിലാണെന്ന് നടൻ ഷൈൻ ടോം ചാക്കോ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വിവാഹ നിശ്ചയവും നടന്നിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞതായുള്ള വാർത്തകൾ പുറത്തുവന്നു. പിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഷൈൻ ടോം ചാക്കോ തന്നെ രംഗത്തെത്തിയിരുന്നു.

ജീവിതത്തിൽ വീണ്ടും സിംഗിളായെന്നും ഒരു റിലേഷനിലാകുമ്പോൾ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടുമെന്നും താരം മുമ്പ് കൗമുദി മൂവീസിനോട് പറഞ്ഞിരുന്നു. ആ ടോപ്പിക് താൻ വിട്ടതാണെന്നായിരുന്നു തനൂജ നൽകിയ മറുപടി. "അതേകുറിച്ച് കൂടുതൽ ഒന്നും പറയാനുമില്ല. ആള് ആളുടേതായ വൈബിൽ പോകുന്നുണ്ട്. ഞാൻ എന്റെ കാര്യങ്ങൾ നോക്കിയും പോകുന്നു. നമ്മൾ വിശ്വസിച്ച് പലരേയും കൂടെ കൂട്ടും. അവസാനം അവർ നമ്മളെ ഇട്ടിട്ടുപോകും"- എന്നും തനൂജ പറഞ്ഞിരുന്നു.

അടുത്തിടെ ഷൈൻ ടോം ചാക്കോ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയും പിതാവ് മരിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ ഷൈനിന് പരിക്കേൽക്കുകയും ചെയ്തു. ഈ വേളയിൽ ഷൈനിനെ സന്ദർശിച്ചിരുന്നെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് തനൂജ ഇപ്പോൾ.

'ഷൈൻ ചേട്ടനെ ഞാൻ ആശുപത്രിയിൽ പോയി കണ്ടിരുന്നു. ഡാഡിയേയും പോയി കണ്ടു. ഷൈൻ ചേട്ടനെ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു. കുറച്ചുസമയം ഞാൻ അവിടെ ഇരുന്ന് സംസാരിച്ച ശേഷം തിരിച്ചുവന്നു. ഇപ്പോൾ ചേട്ടന് വന്ന മാറ്റം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. മാറ്റിയെടുക്കാൻ ഞാൻ കുറേ ട്രൈ ചെയ്തതാണ്. നല്ലൊരു തീരുമാനമാണ് ഇപ്പോൾ ചേട്ടൻ എടുത്തിരിക്കുന്നത്.'- തനൂജ വ്യക്തമാക്കി.