15,000 രൂപയുടെ 'കഞ്ചീവര'ത്തിന്റെ സാരി 1,900 രൂപയ്ക്ക്; ആര്യയുടെ പേരിൽ ഉത്തരേന്ത്യൻ സംഘം വിലസുന്നു, വമ്പൻ തട്ടിപ്പ്

Thursday 17 July 2025 11:26 AM IST

കൊച്ചി: നടിയും അവതാരകയുമായ ആര്യയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമ്മിച്ച് തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപ നൽകിയാൽ മതിയെന്ന് പരസ്യം നൽകിയാണ് പണം തട്ടിയത്. ആര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

നിരവധിപേ‌ർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ് ഇക്കാര്യം നടി അറിയുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ആര്യ പറഞ്ഞു. തട്ടിപ്പിന് ഇരയായതായി നിരവധി പേർ തന്നെ ദിവസേനെ വിളിച്ച് പരാതി പറയുന്നതായും അവർ വ്യക്തമാക്കി.

'കാഞ്ചീവരം' എന്ന പേരിലുള്ള റീട്ടെെൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമ്മിച്ചാണ് തട്ടിപ്പ്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകൾ നിർമിക്കുന്നത്. ബന്ധപ്പെടാനായി ഫോൺ നമ്പറും ഉണ്ടാകും. ഇതിൽ വിളിച്ചാൽ ക്യുആർകോഡ് അയച്ചുകൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്യും.

പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. പതിനഞ്ചോളം പേജുകൾ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു. എന്നാൽ പത്തോളം പേജുകൾ തട്ടിപ്പുകാർ വീണ്ടും തുടങ്ങി. ഉത്തരേന്ത്യയിൽ നിന്നുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നതെന്ന് ആര്യ പറഞ്ഞു. ഇത്തരം സെെബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.