"നിങ്ങൾക്ക് തോന്നുന്നുണ്ടോ ഞാൻ റേപ്പ് ചെയ്തിട്ടുണ്ടെന്ന്, ഇല്യൂഷണിൽ അവർ സംസാരിക്കുന്നതിന് എനിക്കെങ്ങനെ മറുപടി നൽകാനാകും"
കഴിഞ്ഞ ദിവസം നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി എലിസബത്ത് രംഗത്തെത്തിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ബാലയും കുടുബവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോയിലൂടെ രംഗത്തെത്തിയത്.
ആശുപത്രി കിടക്കയിൽ മൂക്കിൽ ട്യൂബ് ഇട്ടുകിടക്കുന്ന നിലയിലായിരുന്നു എലിസബത്ത് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്. മരിക്കുന്നതിന് മുമ്പ് എനിക്ക് നീതി കിട്ടണമെന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക് പേജിലാണ് അവർ വീഡിയോ പങ്കുവച്ചത്. എലിസബത്തിന്റെ ആരോപണം തള്ളി ബാല രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
എലിസബത്തിനെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അവർ തെളിവ് ഹാജരാക്കട്ടേയെന്ന് ബാല പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നു നടന്റെ പ്രതികരണം. എലിസബത്ത് നന്നായി ജീവിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ബാല വ്യക്തമാക്കി.
'കേസ് കോടതിയിൽ നടക്കുന്നുണ്ട്. പിന്നെയും പിന്നെയും ഉപദ്രവിക്കുന്നതുപോലെ ചെയ്യുന്നത് ഞങ്ങളുടെ കുടുംബത്തെ ബാധിക്കുന്നുണ്ട്. എന്റെ ഭാര്യയുടെ പേര് കോകില. ഞങ്ങൾ സുഖമായി ജീവിക്കുകയാണ്. എല്ലാവരും നല്ല രീതിയിൽ ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആദ്യം തന്നെ പറയുകയാണ് അവർ എന്റെ ശത്രുവല്ല. എന്റെ കൂടെ ജീവിച്ചയാളാണ്. അവർ നന്നായി ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എത്രയോ പരാതി കൊടുത്തു. റേപ്പ് കേസ് കൊടുത്തു. നിങ്ങൾക്ക് തോന്നുന്നുണ്ടോ ഞാൻ റേപ്പ് ചെയ്തിട്ടുണ്ടെന്ന്. ഇല്യൂഷണിൽ അവർ സംസാരിക്കുന്നതിന് എനിക്കെങ്ങനെ മറുപടി നൽകാനാകും.'- ബാല പറഞ്ഞു.