'കണ്ടാൽ ഞെട്ടും, ഇതാണ് മുഖമോ അഡ്രസോ ഇല്ലാതെ തോന്നിവാസങ്ങൾ കാണിച്ചുകൂട്ടുന്നവർ'; തുറന്നടിച്ച് സാബുമോൻ
കൊച്ചി: ഓൺലൈൻ പാപ്പരാസികൾക്കെതിരെ കടുത്ത വിമർശനവുമായി നടൻ സാബുമോൻ അബ്‌ദുസമദ്. സിനിമാ താരങ്ങളുടെ പിന്നാലെ നടന്ന് ഓൺലൈൻ മാദ്ധ്യമങ്ങളെന്ന പേരിൽ വീഡിയോ എടുക്കുന്നവർക്കെതിരെയാണ് സാബുമോൻ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ വീഡിയോ എടുക്കാൻ വരുന്നവരുടെ വീഡിയോ സാബുമോൻ എടുത്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
'മുഖമോ അഡ്രസോ ഇല്ലാതെ കാണിച്ചുകൂട്ടുന്ന തോന്നിവാസങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയാനുള്ള താൽപ്പര്യം എല്ലാവർക്കുമുണ്ടല്ലോ. ഇവർ കാരണം സോഷ്യൽ മീഡിയയിൽ അഴുക്കാകുകയാണ്. അഭിനേതാക്കളുടെ കാര്യം നോക്കിയാലും സമാധാനത്തോടെ ഒരു സ്ഥലത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യം ഇല്ല. മനുഷ്യരാണ്, വേദിയിൽ ഇരിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ വസ്‌ത്രം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയെന്നുവരാം. ഇതിനെയെല്ലാം ഷൂട്ട് ചെയ്‌ത് കണ്ടന്റാക്കുകയാണ്. സംഭവിച്ചത് കണ്ടോ എന്ന് ക്യാപ്‌ഷനും ഇടും.
ഇവർക്ക് മുകളിൽ നിന്ന് താഴേക്കെടുക്കുക അല്ലെങ്കിൽ താഴെ നിന്ന് മുകളിലേക്കെടുക്കുക. ഈ രണ്ട് രീതിയിലേ ഇവർ വീഡിയോകൾ എടുക്കുകയുള്ളു. അവർ പണമുണ്ടാക്കുന്നുണ്ട്. പക്ഷേ, ഇതൊരിക്കലും നല്ല പ്രവണതയല്ല. യാതൊരു സത്യവുമില്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. ഹെഡിംഗ് മാത്രമേ കാണുകയുള്ളു യാതൊരു സത്യാവസ്ഥയും അതിൽ ഉണ്ടാകില്ല.
വൃത്തികെട്ട രീതിയിലുള്ള പ്രചരണമാണ് നടത്തുന്നത്. ഇങ്ങനെയുള്ളവരെ തേടിപ്പിടിച്ച് കാര്യം പറഞ്ഞുമനസിലാക്കണമെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഞാനെടുത്ത വീഡിയോ അതിന് ഉപകാരപ്പെടും. ചെയ്യുന്നത് കുറ്റകരമായ കാര്യമാണെന്ന് അവർക്ക് സ്വയം തോന്നുന്നുണ്ട്. അതാണ് ഞാൻ വീഡിയോ എടുത്തപ്പോൾ മുഖംമറച്ചത് ഓടിയത്' - സാബുമോൻ പറഞ്ഞു.