വൈഭവിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത് നിധീഷ്; വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും
ഷാര്‍ജ: താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. ഒപ്പമുണ്ടായിരുന്ന ഒന്നര വയസുകാരി മകള്‍ വൈഭവിയുടെ മൃതദേഹം ഗള്‍ഫില്‍ തന്നെ സംസ്‌കരിച്ചു. വ്യാഴാഴ്ച വൈകുന്നേരം യുഎഇയിലെ പ്രാദേശിക സമയം നാല് മണിക്കാണ് സംസ്‌കാരം നടത്തിയത്. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് ഈ മാസം എട്ടിന് മരിച്ചനിലയില്‍ കണ്ടത്.
വൈഭവിയുടെ സംസ്‌കാര ചടങ്ങില്‍ പിതാവ് നിധീഷ് പങ്കെടുത്തിരുന്നു. നിധീഷിന്റേയും വിപഞ്ചികയുടേയും ബന്ധുക്കളും സംസ്‌കാര ചടങ്ങിന് എത്തിയിരുന്നു. വിപഞ്ചികയുടെ അമ്മയും സഹോദരനും സംസ്‌കാര ചടങ്ങിനെത്തിയിരുന്നു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക മകളെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കടുത്ത മാനസിക ശാരീരിക പീഡനത്തിന് വിപഞ്ചിക ഇരയായെന്നാണ് ഇതുവരെയുള്ള വെളിപ്പെടുത്തല്‍.
നിധീഷിന്റെ മാതാപിതാക്കളും സഹോദരിയും വിപഞ്ചികയെ മാനസികമായി പീഡിപ്പിച്ചിരുന്നു. നിധീഷ് കടുത്ത വൈകൃതത്തിന് ഉടമയാണെന്ന ആരോപണവും പിന്നീട് ഉയര്‍ന്നിരുന്നു. മറ്റൊരു സ്ത്രീയുമായി നിധീഷിന് ബന്ധമുണ്ടായിരുന്നുവെന്ന് വിപഞ്ചിക നേരത്തെ ആരോപിച്ചിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുവരും. വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.