മാലിന്യ സംസ്‌കരണം: കേരളത്തിലെ 8 നഗരസഭകൾ ആദ്യ നൂറ് റാങ്കിനുള്ളിൽ
ന്യൂഡൽഹി: മാലിന്യ സംസ്‌കരണം അടിസ്ഥാനമാക്കിയുള്ള കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേക്ഷൺ സർവേയിൽ കേരളത്തിലെ എട്ട് നഗരസഭകൾ ആദ്യ നൂറ് റാങ്കിനുള്ളിൽ. കൊച്ചി(50), മട്ടന്നൂർ(53), തൃശൂർ(58), കോഴിക്കോട്(70),ആലപ്പുഴ(80), ഗുരുവായൂർ(82), തിരുവനന്തപുരം(89), കൊല്ലം(93) നഗരസഭകൾക്കാണ് അംഗീകാരം. 82 നഗരസഭകൾ ആയിരത്തിനുള്ളിൽ ഇടം പിടിച്ചു.
അജൈവ മാലിന്യശേഖരണം, സംഭരണം, സംസ്ക്കരണം എന്നിവ 100% കൈവരിച്ചതിന് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ പ്രത്യേക വിഭാഗത്തിൽ അവാർഡ് നേടി. സംസ്ഥാനത്ത് ആദ്യമായി 23 നഗരസഭകൾ ഗാർബേജ് ഫ്രീ സിറ്റി നക്ഷത്ര പദവി നേടി. ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി നഗരസഭകൾക്ക് ത്രീ സ്റ്റാറും 20 നഗരസഭകൾക്ക് സിംഗിൾ സ്റ്റാർ റേറ്റിംഗും ലഭിച്ചു. സ്വച്ഛ് സർട്ടിഫിക്കേഷനുകളിൽ തിരുവനന്തപുരം കോർപറേഷൻ വാട്ടർ പ്ളസ് നേടി. കൊച്ചി, കൽപ്പറ്റ, ഗുരുവായൂർ നഗരസഭകൾക്ക് ഒ.ഡി.എഫ് 2പ്ളസും 77 നഗരസഭകൾക്ക് ഒ.ഡി.എഫ് പ്ളസ് സർട്ടിഫിക്കേഷനും ലഭിച്ചു.
ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പാർപ്പിട-നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടറിൽ നിന്നും തദ്ദേശ വകുപ്പ് മന്ത്രി എം. ബി. രാജേഷ്, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി ജോസ് , ജോയിന്റ് ഡയറക്ടർ മുഹമ്മദ് ഹുവൈസ് എന്നിവർ അവാർഡ് ഏറ്റു വാങ്ങി.