ദേശീയ വോളിബാൾ താരത്തെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ

Friday 18 July 2025 3:20 AM IST

കിളിമാനൂർ: ദേശീയ,അന്തർദേശീയ വോളി മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ താരത്തെ കാറിടിച്ചും,മാരകായുധം ഉപയോ​ഗിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മടവൂർ ഹാജറാ മൻസിലിൽ സൈഫുദ്ദീനാണ് (44) പള്ളിക്കൽ പൊലീസിന്റെ പിടിയിലായത്. ദേശീയ വോളിബാൾ താരവും കേന്ദ്രസർക്കാർ ജീവനക്കാരനുമായ മടവൂർ അക്ബർ മൻസിലിൽ അക്ബർ ഖാനെ (32) കാറിടിച്ച് താഴെയിട്ട് ആയുധം കൊണ്ട് ആക്രമിച്ച കേസിലാണ് അറസ്റ്റ്.

ഇന്നലെ വൈകിട്ട് 5.45നായിരുന്നു സംഭവം. അക്ബർ നിർമ്മിക്കുന്ന വീടിനായി, വേമൂട് കൊച്ചുപാലം റോഡിലുള്ള ഹോളോബ്രിക്സ് കമ്പനിയിൽ പോയി സിമന്റും വാങ്ങി സ്കൂട്ടിയിൽ തിരികെ വരുമ്പോഴായിരുന്നു ആക്രമണം. സൈഫുദ്ദീൻ തന്റെ ആൾട്ടോ കാർ മനപൂർവം അക്ബറിന്റെ സ്കൂട്ടിയിൽ ഇടിച്ചു. റോഡിൽ വീണ അക്ബറിനെ ഇരുമ്പ് കമ്പിപോലുള്ള മാരകായുധം കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒഴിഞ്ഞുമാറിയതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തുടർന്ന് പ്രതി അക്ബറിന്റെ മുതുകിലും ചെവിയുടെ പിറകിലും കമ്പികൊണ്ടടിച്ച് പരിക്കേൽപ്പിച്ചു.വാഹനം കൊണ്ടുള്ള ഇടിയിൽ അക്ബറിന്റെ ഇരുകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്.

സൈഫുദ്ദീന്റെ ആക്രമണത്തിൽ നിന്ന് ഭയന്നോടിയ അക്ബർ,ആ സമയം അതുവഴിവന്ന പള്ളിക്കൽ സ്റ്റേഷനിലെ പൊലീസ് വാഹനം കൈകാണിച്ച് നിറുത്തിയാണ് രക്ഷപ്പെട്ടത്.വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് അക്ബർ പൊലീസിന് മൊഴി നൽകി. തുടർന്ന് കേസെടുത്ത പള്ളിക്കൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.സൈഫുദ്ദീനെ കോടതിയിൽ ഹാജരാക്കി.