സ്കൂളിൽ വൈദ്യുതാഘാതമേറ്റ് 13കാരന് ദാരുണാന്ത്യം , ഷോക്കേറ്റ് കേരളം
കൊല്ലം: സ്കൂൾ അധികൃതരും കെ.എസ്.ഇ.ബിയും പഞ്ചായത്ത് അധികൃതരും പുലർത്തിയ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയായി പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ചത് കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കി. തേവലക്കര ബോയ്സ് എച്ച്.എസിലെ തകര ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ത്രീഫേസ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കറ്റ് മരിക്കുകയായിരുന്നു.
വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്തമകനാണ്. സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്കൂളാണിത്. എട്ടുവർഷം മുമ്പ് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയാണ് ക്ലാസ് മുറിയോട് ചേർന്ന് വൈദ്യുതി ലൈനിന് താഴെയായി സൈക്കിൾ ഷെഡ് നിർമ്മിച്ചത്.
ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലെത്തിയ മിഥുൻ ക്ലാസ് മുറിയിൽ സഹപാഠികൾക്കൊപ്പം കളിക്കുകയായിരുന്നു. സഹപാഠിയുടെ ചെരുപ്പ് തകര ഷെഡിന് മുകളിൽ വീണു. ഇതെടുക്കാനായി ഡെസ്ക്കിന് മുകളിൽ കസേരയിട്ട് മിഥുൻ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികൾക്കിടയിലൂടെ ഷെഡിന് മുകളിൽ ഇറങ്ങി. ചെരുപ്പിന് അടുത്തേക്ക് നടക്കവേ, കാൽവഴി ത്രീ ഫേസ് ലോ ടെൻഷൻ വൈദുതി ലൈനിലേക്ക് വീഴുകയായിരുന്നു.
സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകൻ തടിപ്പാളികൾ പൊളിച്ച് ഷെഡിന് മുകളിൽ കയറി പലക ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതൽ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേർപ്പെടുത്തുകയായിരുന്നു. പൊള്ളൽ ഏറ്റിരുന്നില്ലെങ്കിലും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിച്ചു.
പട്ടകടവ് സെന്റ് ആൻഡ്രു യു.പി.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥി സുജിൻ സഹോദരനാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള അമ്മ നാട്ടിലെത്തിയ ശേഷം സംസ്കരിക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി എന്നിവർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തി മിഥുന് അന്ത്യാഞ്ജലി അർപ്പിച്ചു.
നാലടി ഉയരത്തിൽ
വൈദ്യുതി ലൈൻ
# അറുപത്തിയഞ്ച് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു വശത്തെ ഭിത്തി നിൽക്കുന്നത് പതിനഞ്ച് അടിയോളം താഴ്ചയുള്ള ഗ്രൗണ്ടിലാണ്. ഗ്രൗണ്ടിൽ നിന്ന് ഈ ഭിത്തിയിലേക്കാണ് ഷെഡിന്റെ മേൽക്കൂര ഉറപ്പിച്ചിരിക്കുന്നത്.
# വൈദ്യുതി ലൈനിലേക്ക് ഷെഡിന്റെ മേൽക്കൂരയിൽ നിന്നുള്ള ഉയരം നാലടി. സ്കൂൾ ഭിത്തിയുമായുള്ള അകലം എട്ടടി.
സ്കൂളിനുള്ളത് അരഭിത്തി. തോളറ്റം കഴിഞ്ഞാൽ പലകകൾ അടിച്ച് മറച്ചിരിക്കുന്നു. ഒരു പലക ഇളകിയതിനാൽ നല്ല വിടവ്.
# മൈനാപ്പള്ളി പഞ്ചായത്തിലെ എൻജിനിയറിംഗ് വിഭാഗം ഓരോ അദ്ധ്യയനവർഷവും ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകികൊണ്ടിരുന്നു. നൂറിലധികം സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ചുമതലപ്പെട്ട എ.ഇ.ഒയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയും പ്രഹസനമായിരുന്നു.
ഈ മാസം 2ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂളിൽ വിവിധ വകുപ്പുകൾ പങ്കെടുത്തുള്ള സേഫ്ടി ഓഡിറ്റിലും ക്ലാസ് മുറിക്ക് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈൻ ഉയർത്തുന്ന അപകടസാദ്ധ്യത അവഗണിക്കുകയായിരുന്നു.
അഞ്ചു ലക്ഷവും വീടും
കെ.എസ്.ഇ.ബി മിഥുന്റെ കുടുംബത്തിന് അഞ്ചു ലക്ഷം നൽകുമെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.