കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിത

Friday 18 July 2025 12:21 AM IST

കണ്ണൂർ: ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. പരോളിലായിരുന്ന ഷെറിൻ ഇന്നലെ നാലുമണിയോടെയാണ് കണ്ണൂർ വനിത ജയിലിൽ എത്തി നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയത്. ശിക്ഷായിളവ് നൽകി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ജീവപര്യന്ത ശിക്ഷ അനുഭവിച്ചുവന്ന പ്രതിക്ക് 14 വർഷം പൂർത്തിയായതിനെ തുടർന്നാണ് ശിക്ഷായിളവ് നൽകിയതെന്നാണ് ഔദ്യോഗിക നിലപാട്.

ഷെറിൻ ഉൾപ്പെടെ 11പേർക്ക് ശിക്ഷായിളവ് നൽകി ജയിൽ മോചിതരാക്കണമെന്ന് മന്ത്രിസഭായോഗം ശുപാർശ ചെയ്തിരുന്നു. ഗവർണർ അത് അംഗീകരിച്ചു.

2009 നവംബർ ഏഴിനാണു ഷെറിന്റെ ഭർതൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവരെ മരുമകൾ ഷെറിൻ കൊലപ്പെടുത്തിയത്. ഭാസ്‌കര കാരണവരുടെ ഇളയമകനായ, ശാരീരിക വെല്ലുവിളികളുള്ള ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനായിരുന്നു ഷെറിനുമായുള്ള വിവാഹം. ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് അത് പരിഹാരവുമായി. എന്നാൽ, ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതിനു പിന്നാലെ ഭർതൃപിതാവ് കൊല്ലപ്പെടുകയായിരുന്നു.

എല്ലാം രഹസ്യം

ജയിൽ പരിസരത്ത് ഇന്നലെ മാദ്ധ്യമങ്ങൾ എത്തിയിരുന്നെങ്കിലും 22ാം തീയതി വരെ പരോൾ കാലാവധി ഉള്ളതിനാൽ ഷെറിൻ എത്താൻ സാദ്ധ്യതയില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു. പിന്നീട് കണ്ണൂർ വനിത ജയിലിലേക്ക് അതീവരഹസ്യമായി ഷെറിൻ എത്തി. ഒപ്പിട്ട് മടങ്ങിയ ചുരുങ്ങിയ സമയം മാത്രമാണ് ഷെറിൻ വനിതാജയിലിൽ ചെലവഴിച്ചത്.

എന്നും വിവാദത്തിൽ

ഷൈറിന് ശിക്ഷായിളവ് നൽകി വിട്ടയയ്ക്കണമെന്ന സർക്കാർ ശുപാർശ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

തിരുവനന്തപുരം അട്ടക്കളങ്ങര, നെയ്യാറ്റിൻകര, തൃശൂരിലെ വിയ്യൂർ ജയിലുകളിലാണ് ഷെറിനെ നേരത്തെ പാർപ്പിച്ചിരുന്നത്. ജയിലിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട ശിക്ഷാനടപടികളുടെ ഭാഗമായാണ് കണ്ണൂർ ജയിലിലാക്കിയത്.