തിരികെ വേണം ചിന്മയിയെ
ഇന്നും വരും എന്തൻ കഥൈ... എന്റെ കഥ ഇനിയും വരുമെന്ന് അർത്ഥം.
ഏഴു വർഷത്തെ നിശബ് ദതയ്ക്കുശേഷം ചിന്മയി ശ്രീപദയുടെ ശബ്ദം തമിഴിൽ മുഴങ്ങുന്നു. കമൽഹാസൽ നായകനായ 'തഗ് ലൈഫ് "സിനിമയുടെ ഓഡിയോ ലോഞ്ചിൽ ചിന്മയി പാടിയ 'മുത്ത മഴൈ ഇങ്കു കൊട്ടി തീരാതേ "എന്ന ഗാനം തരംഗം ആയതിനൊപ്പം റീലുകളിൽ ആഘോഷമാകുന്നു. വിലക്കും മാറ്റി നിറുത്തലുകളും മറികടന്ന് ചിന്മയി വീണ്ടും പാടിയപ്പോൾ ആ പാട്ടും എ.ആർ. റഹ്മാന്റെ മാന്ത്രിക വിരലുകളിലൂടെ സൃഷ്ടിച്ചു എന്ന പ്രത്യേകത കൂടിയുണ്ട്. ' ഒരു ദൈവം തന്ത പൂവേ, കണ്ണിൽ തേടൽ എന്ന തായേ" അന്നും റഹ്മാൻ ഗാനത്തിലൂടെയാണ് സംഗീത പ്രേമികളുടെ ഹൃദയത്തിൽ ചിന്മയി കയറിക്കൂടിയത്.ചിന്മയിയുടെ ഓരോ ഗാനവും മറക്കാനാവാത്തത് എന്ന് തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും മലയാളത്തിലുമായി തെളിഞ്ഞതാണ്. ' മുത്ത മഴൈ" എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഇടയിലെവിടെയോ വന്നു പോകുന്ന ഇന്നും വരും എന്തൻ കഥൈ...അക്ഷരാർത്ഥത്തിൽ ചിന്മയിയുടെ ജീവിതം തന്നെയാണ്.
പാട്ടിന്റെ തെലുങ്ക്, ഹിന്ദി വേർഷനാണ് ചിന്മയി പാടിയത്. തമിഴിൽ ധീ പാടിയതിനേക്കാൾ ശ്രദ്ധ നേടിയത് ചിന്മയിയുടെ സ്റ്റേജ് പെർഫോമൻസ് എന്ന് ആസ്വാദകർ ഒന്നടങ്കം സമ്മതിക്കുന്നു . ഞാനിവിടെ തന്നെയുണ്ട് എന്നുറക്കെ വിളിച്ചു പറഞ്ഞ് അവസരം ഇല്ലാതാക്കിയവർക്കും വിലക്കിയവർക്കും ചിന്മയി നൽകുന്ന മറുപടിയാണിത്. സ്ത്രീ എന്ന നിലയിൽ തന്റെ അന്തസിനും അഭിമാനത്തിനും വേണ്ടി ശബ്ദം ഉയർത്തി ആരാധകർക്കിടയിൽ ചിന്മയി നിറഞ്ഞു നിൽക്കുന്നു. എതിർ സ്വരങ്ങൾ നിറഞ്ഞിരുന്ന കമന്റ് ബോക്സിൽ അഭിനന്ദനങ്ങളും പ്രശംസയും സന്തോഷവും കുമിഞ്ഞു കൂടുന്നു. നേരിട്ട അപമാനങ്ങൾക്കും മാറ്റിനിറുത്തലുകളുകൾക്കും എല്ലാം സംഗീതം കൊണ്ട് തന്നെ മറുപടി പറയുകയാണ് ചിന്മയി. സ്വന്തം ജീവിതത്തെ ചിന്മയി ഇപ്പോൾ കാണുന്നത് തഗ് ലൈഫിന് മുൻപും ശേഷവുമായി.
നേരിട്ട പീഡനങ്ങൾ, നേടിയ കരുത്ത് തമിഴ് മക്കളുടെ ഹൃദയത്തിൽ കവിതയും പാട്ടും നിറയ്ക്കുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് എതിരെ ശബ്ദം ഉയർത്തിയാണ് ചിന്മയി രംഗത്തുവന്നത് . അത് തെന്നിന്ത്യൻ സിനിമാലോകത്തെ മീ ടൂ വെളിപ്പെടുത്തലുകളിൽ ഏറ്റവും വിവാദമായ ആരോപണമായി മാറുകയും ചെയ്തു. 96 സിനിമയിൽ ' കാതലെ കാതലെ "എന്ന ഗാനം പാടി തന്റെ കരിയറിലെ ഏറ്രവും വലിയ പ്രശസ്തിയിലും വളർച്ചയിലും നിൽക്കുന്ന സമയത്താണ് ചിന്മയി ആരോപണവുമായി എത്തുന്നത്. നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു. സ്വിറ്റ്സർലൻഡിൽ സംഗീത പരിപാടിക്കിടെ വൈരമുത്തു മോശമായി പെരുമാറിയെന്നായിരുന്നു വെളിപ്പെടുത്തൽ. വൈരമുത്തുവിന് എതിരെ 17 പേരാണ് അന്ന് രംഗത്തു വന്നത്. എന്നാൽ ആരോപണങ്ങൾ എല്ലാം കള്ളം എന്നായിരുന്നു വൈരമുത്തുവിന്റെ മറുപടി. സൗത്ത് ഇന്ത്യൻ സിനി ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിംഗ് ആർട്ടിസ്റ്റ്സ് യൂണിയൻ പ്രസിഡന്റ് രാധാ രവിയ്ക്കെതിരെ പേര് വെളിപ്പെടുത്താത്ത ഒരു നടി ഉൾപ്പെടെ മീ ടു ആരോപണം ഉന്നയിച്ചതിനെ ചിന്മയി ശക്തമായി പിന്തുണച്ചു. ഈ സംഭവങ്ങളെല്ലാം ചിന്മയിയെ സംഘടനയുടെ കണ്ണിലെ കരടാക്കി. വൈകാതെ ചിന്മയിയെ ഡബ്ബിംഗ് ആർട്ടിസ്റ്റ്സ് യൂണിയനിൽ നിന്ന് പുറത്താക്കി ഉത്തരവിറക്കി. മഹാനായ എഴുത്തുകാരനെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം എന്നാരോപിച്ച് വൈരമുത്തു ആരാധകർ അഴിച്ചുവിട്ട ആക്രമണങ്ങളും അവഹേളനങ്ങളും ചിന്മയി നേരിട്ടു. ജാതീയമായ അധിക്ഷേപം എന്നുവരെ ആ വെളിപ്പെടുത്തലിനെ മുദ്ര ചാർത്തി. വൈരമുത്തുവിന് എതിരെ നടപടി വേണമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം. കെ. സ്റ്രാലിനോട് ആവശ്യപ്പെട്ട് ചിന്മയി ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റും ചർച്ചയായിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. '' എനിക്ക് ബന്ധങ്ങളോ സ്വാധീനമോ ഇല്ലാത്തതിനാൽ ഈ രാജ്യത്തുനിന്ന് നീതി ലഭിക്കാൻ ഇനിയും 20 വർഷം കൂടി എടുത്തേക്കാം. പക്ഷേ കാലം എത്ര കഴിഞ്ഞാലും പോരാടനുള്ള ശക്തി എനിക്കുണ്ട്.ഞാൻ നിശബ്ദയാകില്ല.""ചിന്മയി കുറിച്ചു. ഒരു തെറ്റും ചെയ്യാത്തവർ ആരെ, എന്തിനെ ഭയക്കണം എന്നാണ് ചിന്മയിയുടെ പക്ഷം.
പാട്ടും ജീവിതവും അവതാരകയായും സംരംഭകയായും ഏഴു വർഷത്തെ ചിന്മമയിയുടെ യാത്രകൾ . ചേർത്തു പിടിച്ച് കുടുംബവും ആരാധകരും കൂടെ തന്നെ ഉണ്ടായിരുന്നു. ചിന്മയിയെ ഞങ്ങൾക്കു വേണം എന്ന ഹാഷ് ടാഗ് ഇപ്പോൾ ട്രെൻഡിംഗാണ്. ചിന്മയിയുടെ ജീവിതത്തിൽ അവഹേളനങ്ങളുടെയും മാറ്റിനിറുത്തലുകളുടെയും കാലം അവസാനിച്ചു. ചിന്മയി എന്ന ഗായികയും വ്യക്തിയും വീണ്ടും വീണ്ടും പ്രശംസയർഹിക്കുന്നു.ആർജ്ജവമുള്ള ഒരുപാട് സ്ത്രീകളുടെ പ്രതീകമായി നിലകൊള്ളുന്നു. ചിന്മയിയുടെ പോരാട്ടം തുടരുകയാണ്. അതിനാൽ ചിന്മയിയുടെ കഥകൾ വരാനിരിക്കുന്നതേയുള്ളൂ. ഇന്നും വരും എന്തൻ കഥൈ...