ട്രംപിന് ഗുരുതര രോഗം? കയ്യിൽ ചുവന്ന പാടുകൾ, കാലുകളിൽ വീക്കം; പ്രതികരണവുമായി വൈറ്റ് ഹൗസ്

Friday 18 July 2025 12:33 PM IST

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബാധിച്ച രോഗത്തെക്കുരിച്ച് വ്യക്തത വരുത്തി വൈറ്റ് ഹൗസ്. 70 വയസിൽ കൂടുതൽ പ്രായമുള്ള വ്യക്തികളിൽ കാണപ്പെടുന്ന സാധാരണ സിര സംബന്ധമായ രോഗമാണ് അദ്ദേഹത്തിനുള്ളത്. ട്രംപിന്റെ കയ്യിലെ ചതവ് പോലുള്ള പാടുകളും കാലുകളിലെ നീരും സംബന്ധിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്.

'സുതാര്യത ഉറപ്പാക്കാനായി പ്രസി‌ഡന്റ് ട്രംപ് തന്റെ മെഡിക്കൽ റിപ്പോർട്ട് പങ്കിടാൻ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി അദ്ദേഹത്തിന്റെ കാൽപ്പാദങ്ങളിൽ വലിയ രീതിയിൽ നീര് ഉണ്ടായിരുന്നു. ഉടൻതന്നെ വൈറ്റ് ഹൗസിലെ മെഡിക്കൽ സംഘം അദ്ദേഹത്തെ വിശദമായി പരിശോധിച്ചു. സ്‌കാനുകളും മറ്റ് വിശദമായ ടെസ്റ്റുകളും നടത്തി. അങ്ങനെയാണ് അസുഖം കണ്ടെത്തിയത്. ഇത് സാധാരണയായി പ്രായമേറിയവരിൽ കണ്ടുവരുന്ന രോഗമാണ്.

അദ്ദേഹത്തിന് ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതെല്ലാം തെറ്റാണ്. ഇപ്പോൾ കണ്ടെത്തിയത് വളരെ സാധാരണമായ രോഗമാണ്. ഗുരുതരമല്ല. മറ്റ് പരിശോധനകളിലെല്ലാം ഫലം നോർമലായിരുന്നു. ഹൃദയത്തിന്റെയും വൃക്കകളുടെയും ആരോഗ്യം നല്ലരീതിയിലാണ്. ട്രംപിന്റെ കയ്യിൽ കണ്ട ചുവന്ന പാടുകൾ ഇടയ്‌ക്കിടെ കൈ കുലുക്കുന്നതിന്റെയും ആസ്‌പിരിൻ കഴിക്കുന്നതിന്റെയും ഭാഗമായി ഉണ്ടാവുന്നതാണ്. അമേരിക്കൻ പ്രസിഡന്റിന്റെ ആരോഗ്യനില നല്ലരീതിയിൽ തന്നെയാണ്' - കരോലീന പറ‌ഞ്ഞു.