ജയറാം ചിത്രപ്പറ്റയുടെ 'സർക്കിളിസം' വൃത്തങ്ങളുടെ വരപ്രപഞ്ചം
അമാവാസിക്കു ശേഷം ഉദിച്ചുയരുന്ന പൗർണമി- അതൊരു സമ്പൂർണതയുടെ പ്രപഞ്ചചിത്രമാണ്. അപൂർണതയിൽ നിന്ന് പൂർണതയിലേക്കുള്ള യാത്രയാണ് പ്രകൃതിയുടെ ഭാവവും താളവും. ഈ നിലയിലുള്ള നിരീക്ഷണങ്ങളിൽ നിന്നാണ് ജയറാം ചിത്രപ്പറ്റയുടെ കാൻവാസുകളിൽ ചിത്രങ്ങൾ പിറക്കുന്നത്. ഇത് സർക്കിളിസം എന്ന പുതിയൊരു ചിത്രകലാ സങ്കേതമായി വികാസം പ്രാപിക്കുന്നു. സൂര്യനും സൂര്യനെ വലംവയ്ക്കുന്ന സർവ ഗ്രഹങ്ങളും വൃത്തഘടനയിലാണ്. നിശ്ചലമായ തടാകത്തിലേയ്ക്ക് ചതുരത്തിലോ ത്രികോണത്തിലോ മറ്റു രൂപങ്ങളിലോ ഉള്ള ഒരു കല്ലെറിയുമ്പോൾ ജലാശയത്തിൽ ഓളംവെട്ടുന്നത് വൃത്താകൃതിയിലാണ്.
വൃത്തത്തിന് ചിത്രകലയിൽ വളരെ പ്രാധാന്യമുണ്ട്. ചതുരവും ത്രികോണവും മനുഷ്യനിർമ്മിതമാണ്. വൃത്തത്തിന് ഒരു പൂർണ സൗന്ദര്യത്തിന്റെ ആകൃതിയാണ്. മനുഷ്യൻ അവന്റെ കൂടുകൾ നിർമ്മിക്കുന്നത് ചതുരത്തിലും ത്രികോണത്തിലുമാണ്. മറ്റു ജീവികൾ അവയുടെ കൂടുകൾ നിർമ്മിക്കുന്നതാകട്ടെ, ഗോളാകൃതിയിലും വൃത്തത്തിലും! പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ഒരേയൊരു ആകൃതി വൃത്തമാണ്. ഒരു പൂവിടരുന്നത് സങ്കൽപ്പിച്ച് നോക്കുക. ഭൂമിയുടെ സമ്മർദ്ദത്തെ അതിജീവിച്ച് ലോലമായ ഒരിതൾപോലും പൊട്ടിപ്പോകാതെ അത് വിടരുന്നത് സങ്കല്പിച്ചു നോക്കൂ. അത് ഗോളാകൃതിയിലായതുകൊണ്ടാണ്. വൃത്തത്തിന് ഒരേയൊരു കേന്ദ്രബിന്ദുവേ ഉള്ളൂ. ആ കേന്ദ്രബിന്ദുവിൽ നിന്നുകൊണ്ട് എത്ര വലിയ വൃത്തം വേണമെങ്കിലും വരയ്ക്കാം. ഭൂമി ഒരു ഗോളമാണല്ലോ. അതിന് ഒരു കേന്ദ്രബിന്ദു ഉണ്ട്. ആ കേന്ദ്രബിന്ദുവിലേയ്ക്ക് അത് എല്ലാറ്റിനെയും ആകർഷിക്കുന്നു. ജയറാം ചിത്രപ്പറ്റ വെറുതെ ഒരു വൃത്തം വരയ്ക്കുകയല്ല. മനസ്സിൽ തോന്നുന്നത് ആദ്യം കാൻവാസിൽ സൃഷ്ടിക്കും. പിന്നീട് അവയെ വൃത്തങ്ങൾക്കുള്ളിലാക്കും. വേറിട്ട ചിത്രസങ്കേതത്തിലേക്കു നയിച്ച ഗാന്ധിജിയെ ആധാകമാക്കി വരച്ച 'ത്രീ ആംഗിൾസ് ഒഫ് ഗാന്ധി" ബാംഗ്ലൂർ ആർട്ട് ഗ്യാലറിയിൽ നിന്ന് വിറ്റുപോയത് വലിയ തുകയ്ക്കാണ്. തുടർന്നു ചെയ്ത മദർമങ്കി, ഇണക്കുതിരകൾ, ഇണകാക്കകൾ തുടങ്ങിയ ചിത്രങ്ങളെല്ലാം ജയറാമിന് ചിത്രലോകത്ത് പ്രശസ്തി നേടിക്കൊടുത്തു. ഇ. എം.എസിനെ വിഷയമാക്കിയുള്ള രചനയും ശ്രദ്ധേയമായിരുന്നു. മുംബയ് ജെ.ജെ. സ്‌കൂൾ ഒഫ് ആർട്സിൽനിന്ന് ചിത്രകലാ പരിശീലനം നേടിയ എ.വി. ഉമ്മറിനു കീഴിൽ അഞ്ചു വർഷത്തോളം ജയറാം ചിത്രകല പരിശീലിച്ചിരുന്നു. ദുബായ്, അബുദാബി, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. മുംബയ്, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലെ ആർട്ട് ഗ്യാലറികളിലും പ്രദർശനം നടത്തി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബാലുശ്ശേരി എരമംഗലം പാലാപുനത്തിൽ ഗോപാലൻ നായരുടെയും കേരള ഗാന്ധി കെ. കേളപ്പന്റെ സഹോദരീപുത്രന്റെ മകളുമായ ലീലാമ്മയുടെയും പുത്രനാണ് ജയറാം ചിത്രപ്പറ്റ. ഭാര്യ നിഷ ഹരിപ്പാട്, നടുവണ്ണൂർ പോസ്റ്റോഫീസിൽ പോസ്റ്റ്മിസ്ട്രസ്. മക്കൾ: ദർശ് ജയറാം, ശ്രീദത്ത് ജയറാം. സ്വന്തം നോവലായ 'അർജ്ജുനന്റെ ആത്മനൊമ്പരങ്ങൾ" സിനിമയാക്കാനുള്ള തിരക്കിലാണ് ഇപ്പോൾ ജയറാം.
(ലേഖകന്റെ ഫോൺ: 75930 59065)