വിദ്യാർത്ഥിയും സഹപാഠിയുടെ രക്ഷിതാക്കളും തമ്മിൽ സംഘർഷം; പെപ്പർ സ്‌‌പ്രേ പ്രയോഗിച്ചു, എട്ട് പേർക്ക് പരിക്ക്

Friday 18 July 2025 12:55 PM IST

ഇടുക്കി: ബൈസൺവാലിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗം. വിദ്യാർത്ഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മിൽ ഇന്ന് രാവിലെ സംഘർഷമുണ്ടായിരുന്നു. ഇതിനിടയിലാണ് പെപ്പർ സ്‌പ്രേ പ്രയോഗം നടന്നത്. ബൈസൺവാലി സർക്കാർ ഹൈസ്‌കൂളിന് സമീപമുള്ള ബസ്റ്റോപ്പിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.

സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളായ ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇതേച്ചൊല്ലി മുമ്പേ തർക്കമുണ്ടായിരുന്നു. രാവിലെ പെൺകുട്ടിയുടെ മാതാപിതാക്കളും സ്ഥലത്തെത്തിയിരുന്നു. ബസിറങ്ങി വന്ന ആൺകുട്ടിയെ പെൺകുട്ടിയുടെ പിതാവ് മർദിച്ചു. ഈ സമയം കൈയിലുണ്ടായിരുന്ന പെപ്പർ സ്‌പ്രേ വിദ്യാർത്ഥി ഉപയോഗിക്കുകയായിരുന്നു.

എട്ട് വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ആറ് പേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ ബൈസൺവാലിയിൽത്തന്നെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.