യുഎഇയിലെ ഫാക്‌ടറിയിൽ വൻ തീപിടിത്തം; നിയന്ത്രണവിധേയമാക്കിയത് അഞ്ച് മണിക്കൂർ പരിശ്രമിച്ച്

Friday 18 July 2025 4:14 PM IST

റാസൽഖൈമ: യുഎഇയിൽ റാസൽഖൈമയിലെ ഫാക്‌ടറിയിൽ വൻ തീപിടിത്തം. റാസൽഖൈമയിലെ അൽ ഹലില ഇൻഡസ്‌ട്രിയൽ ഏരിയയിലെ ഒരു ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

എമർജൻസി സംഘങ്ങളുടെ അതിവേഗത്തിലുള്ള ഇടപെടലിലൂടെ തീപിടിത്തം സമീപത്തെ വെയർഹൗസിലേക്കോ മറ്റ് ഇടങ്ങളിലേക്കോ വ്യാപിക്കാതെ തടയാനായതായി റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫും ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം മോധാവിയുമായ മേജർ ജനറൽ അലി അബ്‌ദുള്ള ബിൻ അൽവാൻ അൽനു ഐമി പറഞ്ഞു.

സിവില്‍ ഡിഫന്‍സ് സംഘം, മറ്റ് എമിറേറ്റുകളിലെ അഗ്നിശമന യൂണിറ്റുകള്‍, വിദഗ്ദ്ധരായ ടെക്നിക്കല്‍ സംഘം എന്നിവര്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള കൂട്ടായ ശ്രമങ്ങളിൽ പങ്കെടുത്തു. തീപിടിത്തം നിയന്ത്രണവിധേയമാക്കാനും ശീതീകരണ, ഒഴിപ്പിക്കല്‍ നടപടികള്‍ക്കുമായി 16 പ്രാദേശിക, ഫെഡറല്‍ വിഭാഗങ്ങളാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ ഫോറന്‍സിക്, ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘങ്ങള്‍ തെളിവ് ശേഖരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.