സർക്കാർ മരിച്ച വിദ്യാർത്ഥിക്കൊപ്പമെന്ന് ശിവൻകുട്ടി; മിഥുന്റെ സ്കൂളിലും വീട്ടിലുമെത്തി മന്ത്രിമാർ
കൊല്ലം: വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച കൊല്ലത്തെ തേവലക്കര ബോയ്സ് എച്ച് എസിൽ സന്ദർശനം നടത്തി മന്ത്രിമാർ. ഇതിന് ശേഷം ഇവർ കുട്ടിയുടെ വീട്ടിലുമെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രി കെ എൻ ബാലഗോപാൽ എന്നിവരാണ് മരിച്ച വിദ്യാർത്ഥിയുടെ വീട്ടിലെത്തിയത്.
തകര ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് (13) വൈദ്യുതി ലൈനിൽ നിന്ന് ഷോക്കറ്റ് ഇന്നലെ മരിച്ചത്. വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്തമകനാണ്. മിഥുന്റെ പിതാവുമായി മന്ത്രിമാർ സംസാരിച്ചു. സർക്കാർ മരിച്ച വിദ്യാർത്ഥിക്കൊപ്പമാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇതിനിടെ മന്ത്രിമാർ സ്കൂളിലെത്തി മടങ്ങവെ ആർവെെഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. പൊലീസ് പ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റി.
മിഥുൻ മരിച്ച സംഭവത്തിൽ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റിന് കാരണം കാണിക്കൽ നോട്ടീസും നൽകി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
'സ്‌കൂളിലെ പ്രധാനാദ്ധ്യാപികയെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യണം. അത് മാനേജ്‌മെന്റാണ് ചെയ്യേണ്ടത്. അവർ ചെയ്‌തില്ലെങ്കിൽ സർക്കാർ ചെയ്യും. ഈ നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനേക്കാൾ വലുതല്ല. കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം മാനേജ്‌മെന്റ് അടിയന്തരമായി പരിഗണിക്കണം. സ്വന്തമായി വീടില്ല. ഒരു സെന്റ് സ്ഥലമേയുള്ളു അവർക്ക്. സ്‌കൂൾ മാനേജ്‌മെന്റിനെതിരെയും നടപടിയെടുക്കാൻ സർക്കാരിന് അവകാശമുണ്ട്.' - മന്ത്രി വ്യക്തമാക്കി.
അതേസമയം, വിദേശത്തുള്ള മിഥുന്റെ അമ്മ സുജ നാളെ നാട്ടിലെത്തും. മിഥുന്റെ സംസ്കാരം നാളെ വെെകിട്ട് നടക്കുമെന്നാണ് വിവരം. നാളെ രാവിലെ 10 മണി മുതൽ സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നിലവിൽ തുർക്കിയിലാണ് സുജ.