വളർത്തുനായയെ ശകാരിച്ചു; അയൽക്കാരന്റെ മൂക്ക് മുറിച്ചുമാറ്റി യുവാക്കൾ
നോയിഡ: വളർത്തുനായയെ ശകാരിച്ചതിന് അയൽക്കാരന്റെ മൂക്ക് അറുത്തുമാറ്റിയ പ്രതികൾ പിടിയിൽ. ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു ഗ്രാമത്തിൽ ഈ മാസം എട്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ദേവേന്ദ്ര എന്നയാളുടെ മൂക്കാണ് അയൽവാസികൾ മുറിച്ചത്.
പൊലീസ് പറയുന്നതനുസരിച്ച്, പട്ടിയുടെ കുര കേട്ട് ദേവേന്ദ്ര ഉറക്കെ ദേഷ്യപ്പെടുകയായിരുന്നു. ഇത് കേട്ട അയൽക്കാരായ സതീഷും സഹോദരൻ അമിത്തും മകൻ തുഷാറും ദേവേന്ദ്രയുടെ വീട്ടിലേക്കെത്തി അവരെ മർദിക്കാൻ തുടങ്ങി. പിടിച്ചുമാറ്റാൻ ശ്രമിച്ച ദേവേന്ദ്രയുടെ ഭാര്യ മുന്നീദേവിക്കും പിതാവ് സുഖ്‌ബീർ സിംഗിനും മർദനമേറ്റു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് പ്രതികൾ ദേവേന്ദ്രയെ മർദിച്ചത്. തുടർന്ന് മൂക്ക് മുറിച്ച ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ദേവേന്ദ്രയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. മൂക്കിൽ സ്റ്റിച്ചിട്ടു. അലിഗഡിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹമിപ്പോൾ.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 333, 115 (2), 352, 118 (1) എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ബീറ്റ 2 പൊലീസ് സ്റ്റേഷൻ ഇൻചാർജ് വിനോദ് കുമാർ പറഞ്ഞു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.