ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്‌ഇബി

Friday 18 July 2025 5:48 PM IST

കൊല്ലം: ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് കെഎസ്‌ഇബി ധനസഹായം കൈമാറി. കെഎസ്‌ഇബി ചീഫ് എഞ്ചിനീയറും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറും വീട്ടിലെത്തി അഞ്ചുലക്ഷം രൂപയാണ് കൈമാറിയത്. മിഥുന്റെ അമ്മ സുജയുടെ പേരിലാണ് ചെക്ക് നൽകിയത്. മിഥുന്റെ പിതാവ് മനുവും അനുജൻ സുജിനും ചേർന്നാണ് ധനസഹായം ഏറ്റുവാങ്ങിയത്.

നേരത്തെ തേവലക്കര ബോയ്സ് എച്ച് എസിൽ മന്ത്രിമാർ സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷം മന്ത്രിമാർ കുട്ടിയുടെ വീട്ടിലുമെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രി കെ എൻ ബാലഗോപാൽ എന്നിവരാണ് മിഥുന്റെ വീട്ടിലെത്തിയത്. മിഥുന്റെ പിതാവുമായി മന്ത്രിമാർ സംസാരിച്ചു. സർക്കാർ മിഥുനൊപ്പമാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

മിഥുൻ മരിച്ച സംഭവത്തിൽ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റിന് കാരണം കാണിക്കൽ നോട്ടീസും നൽകി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലെത്തിയ മിഥുൻ ക്ലാസ് മുറിയിൽ സഹപാഠികൾക്കൊപ്പം കളിക്കുകയായിരുന്നു. സഹപാഠിയുടെ ചെരുപ്പ് തകര ഷെഡിന് മുകളിൽ വീണു. ഇതെടുക്കാനായി ഡെസ്ക്കിന് മുകളിൽ കസേരയിട്ട് മിഥുൻ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികൾക്കിടയിലൂടെ ഷെഡിന് മുകളിൽ ഇറങ്ങി. ചെരുപ്പിന് അടുത്തേക്ക് നടക്കവേ, കാൽവഴുതി ത്രീ ഫേസ് ലോടെൻഷൻ വൈദുതി ലൈനിലേക്ക് വീഴുകയായിരുന്നു.

സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകൻ തടിപ്പാളികൾ പൊളിച്ച് ഷെഡിന് മുകളിൽ കയറി പലക ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതൽ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേർപ്പെടുത്തുകയായിരുന്നു. പൊള്ളൽ ഏറ്റിരുന്നില്ലെങ്കിലും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിച്ചു.