ഖാദി മേഖല ഇന്നത്തെ വെല്ലുവിളികളും പ്രതീക്ഷയും
സ്വാതന്ത്ര്യസമരത്തിന്റെ അഭിമാന പൈതൃകമെന്ന് അറിയപ്പെടുന്ന ഖാദി മേഖല ഇന്ന് നിർണായക വഴിത്തിരിവിലാണ്. ഒരുവശത്ത് ആധുനിക സാങ്കേതികവിദ്യയുടെയും വിപണന തന്ത്രങ്ങളുടെയും സഹായത്തോടെ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മറുവശത്ത് തൊഴിലാളികളുടെ വർഷങ്ങളായുള്ള ദുരിതങ്ങളും സാമ്പത്തിക പ്രതിസന്ധികളും നിലനിൽക്കുന്നു. ശതകോടിയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് 'എനിക്കും വേണം ഖാദി' എന്ന പുതിയ ക്യാമ്പയിൻ ഓഗസ്റ്റ് ഒന്നു മുതൽ സെപ്തംബർ നാലുവരെ നടത്തുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. വിവിധ ഉല്പന്നങ്ങളുടെ വിൽപനയിലൂടെ 100 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള ഈ സമഗ്രമായ പദ്ധതി കേരളത്തിലെ ഖാദി മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ലക്ഷ്യം കൈവരിക്കാൻ ഖാദി ബോർഡ് വൈവിദ്ധ്യവത്ക്കരണത്തിന്റെ പാതയും സ്വീകരിക്കുന്നു. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റിനൊപ്പം 25 ലക്ഷം രൂപയുടെ സമ്മാന പദ്ധതികളും ഓണക്കാലത്ത് നടപ്പിലാക്കാനുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാക്കും.
ആധുനിക ചുവട് വയ്പ്പുകൾ
ഖാദി ട്രെൻഡ്സ് ആൻഡ് വൈബ്സ് എന്ന പേരിലുള്ള പ്ലാറ്റ്‌ഫോം വഴി കസ്റ്റമൈസ്ഡ് ഉത്പ്പന്നങ്ങൾ, ഖാദി ബാഗുകൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ ഓൺലൈൻ വിപണനം ഖാദിയുടെ വിറ്റുവരവിലും സ്വീകാര്യതയിലും ശ്രദ്ധേയമായ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയുടെ സഹായത്തോടെയുള്ള വസ്ത്രങ്ങളുടെ വിപണനവും ആധുനികതയുടെ സ്പർശം നൽകുന്നു. അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതിയും ഖാദി മേഖലയുടെ പുതിയ നേട്ടമാണ്. ഇറ്റലി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഖാദി വസ്ത്രങ്ങളുടെ കയറ്റുമതി മേഖലയിലെ മറ്റൊരു നാഴികക്കല്ലായി വിലയിരുത്തുന്നു.
വരുമാന വർദ്ധനയ്ക്കായി ഖാദി ബോർഡ് സ്വീകരിച്ചിരിക്കുന്ന മറ്റൊരു പുതിയ സമീപനം പെട്രോൾ ഔട്ട്‌ലെറ്റുകളുടെ തുടക്കമാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണയിലെത്തിയ ഖാദി ബോർഡ് കണ്ണൂർ പാപ്പിനിശ്ശേരി, കാസർകോട് മാവുങ്കൽ എന്നിവിടങ്ങളിൽ പെട്രോൾ ഔട്ട്‌ലെറ്റുകൾ പ്രാരംഭഘട്ടമായി തുടങ്ങും. കൂടാതെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള ഖാദി ബോർഡിന്റെ വസ്തുക്കളുടെ ഉപയോഗസാദ്ധ്യത പരിശോധിക്കുന്നതിനായി പ്രത്യേകമായി സ്‌പെഷ്യൽ ഓഫിസറെ നിയമിച്ചത് ഈ ദിശയിലുള്ള ഗൗരവമായ ശ്രമത്തിന്റെ തെളിവാണ്.
തൊഴിലാളികളുടെ ദുരിതങ്ങൾ
പുതിയ ശ്രമങ്ങൾക്കൊപ്പം തന്നെ ഖാദി മേഖല വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. കഷ്ടിച്ച് ജീവിച്ചുപോകാന്നെന്നാണ് ഈ രംഗത്തെ തൊഴിലാളികൾ പറയുന്നത്. കണ്ണൂർ കാസർകോട് ജില്ലകളിലായി 3500 തൊഴിലാളികളാണുള്ളത്. ഇതിൽ 2500 പേരോളം കണ്ണൂർ ജില്ലയിലാണ്. എന്നാൽ അഞ്ച് വർഷത്തിനിടയിൽ ആയിരത്തോളം തൊഴിലാളികൾ മേഖല വിട്ടുപോയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിൽ മാത്രം മുമ്പ് മൂവായിരത്തോളം തൊഴിലാളികളുണ്ടായിരുന്നു. ഖാദി മേഖലയിൽ നിന്ന് വരുമാനക്കുറവും സാഹചര്യങ്ങളിലെ മാറ്റവും കാരണം തൊഴിലാളികൾ പണി മതിയാക്കുകയാണ്. ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാത്തതും കിട്ടുന്ന വരുമാനംകൊണ്ട് കുടുംബം പുലർത്താൻ കഴിയാതെ വന്നതും ഈ കൂട്ടമായുള്ള കൊഴിഞ്ഞുപോക്കിന് കാരണമാണ്. ഖാദി നൂൽപ്പ്, നെയ്ത്ത് തൊഴിലാളികളുടെ മിനിമം കൂലി ഒരു വർഷത്തോളമായി കുടിശ്ശികയാണ്. പൂരക വേതന പദ്ധതി പ്രകാരമുള്ള തുകയിൽനിന്ന് സംസ്ഥാന സർക്കാർ ഖാദി തൊഴിലാളികൾക്ക് കുറഞ്ഞ വേതനത്തിനുള്ള തുക അനുവദിക്കുന്നു. എന്നാൽ ഇത് ലഭിക്കാത്തത് കാരണം സംസ്ഥാനത്തൊട്ടാകെയുള്ള ഖാദി തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടിലാണ്. പരുത്തിയിൽനിന്ന് 24 കഴി നൂൽ ഉണ്ടാക്കുകയാണ് നൂൽപ്പ് തൊഴിലാളിയുടെ ഒരു ദിവസത്തെ പ്രവൃത്തി. എന്നാൽ വർഷങ്ങളായി 10 കഴി നൂൽ ഉണ്ടാക്കാനുള്ള പരുത്തിയും സാഹചര്യവും മാത്രമാണ് ലഭിക്കുന്നത്. ഒരു കഴി നൂലിന് 14.90 രൂപയാണ് കൂലി. ഇതിൽ 12.50 രൂപ ഖാദി സ്ഥാപനങ്ങളും ബാക്കി 2.40 രൂപ സർക്കാരും നൽകും. സർക്കാർ നൽകേണ്ട തുകയാണ് ഒരു വർഷമായി കുടിശ്ശികയായത്.
റിബേറ്റ് പ്രതിസന്ധി
വിവിധ വർഷങ്ങളിലായി റിബേറ്റ് വകയിൽ കുടിശ്ശികയായി സംസ്ഥാനത്തൊട്ടാകെയുള്ള ഖാദി സ്ഥാപനങ്ങൾക്ക് 60 കോടിയോളം ലഭിക്കാനുണ്ട്. വർഷം മുഴുവൻ 20 ശതമാനവും വിശേഷ ദിവസങ്ങളായ 100 ദിവസം 30 ശതമാനം ഇളവുമാണ് സർക്കാർ നൽകുന്നത്. എന്നാൽ സർക്കാർ അനുവദിക്കുന്ന 15 കോടി രൂപ അപര്യാപ്തമാണ്. ഇക്കാലത്ത് അതിലെത്രയോ കൂടുതൽ വിൽപന നടക്കാറുണ്ട്. റിബേറ്റ് തുക ലഭിക്കാത്തതിനാൽ സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനം കുടിശ്ശികയായിക്കിടക്കുന്നു. ഇത് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുകയും ഖാദി മേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളി കുടുംബങ്ങളെ കഷ്ടത്തിലാക്കുകയും ചെയ്യുന്നു.
ഖാദിയുടെ വെല്ലുവിളി ഖാദിയുടെ വ്യാജ പതിപ്പുകൾ വിപണിയിൽ സുലഭമാണ്. യഥാർത്ഥ ഖാദിയല്ലാത്ത വസ്ത്രങ്ങൾ തുണി മില്ലിൽ വ്യാപകമായി ഉത്പ്പാദിപ്പിച്ചാണ് കടകളിലെത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഇത്തരം തുണിത്തരങ്ങൾ ഖാദി എന്ന പേരിൽ വിൽക്കുന്നു. വ്യാജ ഖാദി മുണ്ടുകൾ 100-150 രൂപയ്ക്ക് ലഭിക്കും, എന്നാൽ ഒരു യഥാർത്ഥ ഖാദി കുപ്പദം മുണ്ടിന് 550-600 രൂപ വരെ വിലയുണ്ട്. ഒരു ഖാദി കുപ്പദം നെയ്‌തെടുക്കാൻ രണ്ട് വിദഗ്ദ്ധ തൊഴിലാളികൾ വേണം. രണ്ടുപേർക്കും കൂടി ഒരു ദിവസംകൊണ്ട് രണ്ടു മുണ്ട് മാത്രമാണ് നെയ്‌തെടുക്കാനാകുക. ഒരു മീറ്റർ ഖാദി തുണി ഉത്പ്പാദിപ്പിക്കാൻ വിവിധ തൊഴിലാളികളുടെ സേവനം വേണം. ആദ്യം നൂൽ നൂൽക്കണം, തുടർന്ന് നല്ലി ചുറ്റൽ, ചായം മുക്കൽ, പാവ് ഉണ്ടാക്കൽ, നെയ്യൽ എന്നീ ഘട്ടങ്ങളിലൂടെ കടന്നപോകണം. അഞ്ച് ഘട്ടങ്ങളിലായി അഞ്ച് തൊഴിലാളികൾ ജോലി ചെയ്യണം. തുണി വിലയുടെ 60 ശതമാനവും ഈ പ്രവൃത്തികൾ നടത്താൻ മാത്രം ചെലവ് വരും.
ഖാദി ദേശീയ പതാക
വർഷങ്ങളായി ദേശീയ പതാക നിർമ്മിക്കുന്നത് ഖാദിയിലാണ്. പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ കീഴിൽ കണ്ണൂർ കാസർകോട് ജില്ലകളിലുള്ള 27 ഖാദി വിൽപനശാലകൾ വഴി ദേശീയ പതാകകൾ വിൽപന നടത്തുന്നു. ചെറുതും വലുതുമായ ദേശീയ പതാകയ്ക്ക് 150 മുതൽ 3000 രൂപ വരെയാണ് വില. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയവയുടെ സമയത്ത് 5000-6000 ദേശീയ പതാകകൾ തയ്യാറാക്കാറുണ്ട്.
ഭാവി കാഴ്ചപ്പാട്
ഖാദി കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ, പട്ടികജാതി പട്ടികവർഗ ഖാദി സൊസൈറ്റികൾ എന്നിവയുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനുമായി വിവിധ പദ്ധതികളുമുണ്ട്. വ്യാജ ഖാദിക്കെതിരായ കർശന നടപടികൾ, റിബേറ്റ് തുക വർദ്ധിപ്പിക്കൽ, മിനിമം കൂലി കൃത്യസമയത്ത് നൽകുക എന്നീ കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ ആവശ്യമാണ്. പുതിയ കാലത്ത് ഖാദിയെയും ഹാൻഡ്ലൂമിനെയും ചേർത്ത് ഒന്നാക്കുന്ന നടപടികളും ആലോചിക്കാവുന്നതാണ്. ഖാദി നൂൽ ഹാൻഡ്ലൂമിൽ നെയ്യുന്ന രീതി പരീക്ഷിച്ചു നോക്കാം. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഖാദി മേഖലയെ ആധുനികവത്കരിക്കുന്നതോടൊപ്പം പരമ്പരാഗത കരകൗശലത്തിന്റെ സവിശേഷതകൾ നിലനിറുത്താനും കഴിയും.