വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം , തേവലക്കര സ്കൂൾ എച്ച് എമ്മിനെ സസ്പെൻഡ് ചെയ്തു
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് എച്ച്.എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രഥമാദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു. ഹൈസ്കൂൾ മാനേജരാണ് എച്ച്,എം എസ്. സുജയെ സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാന അദ്ധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. സീനിയർ അദ്ധ്യാപിക ജി. മോളിക്ക് എച്ച്.എമ്മിന്റെ ചുമതല നൽകിയിട്ടുണ്ട്.
അതേസമയം മിഥുന്റെ കുടുംബത്തിന് കെഎസ്‌ഇബി ധനസഹായം കൈമാറി. കെഎസ്‌ഇബി ചീഫ് എഞ്ചിനീയറും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറും വീട്ടിലെത്തി അഞ്ചുലക്ഷം രൂപയാണ് കൈമാറിയത്. മിഥുന്റെ അമ്മ സുജയുടെ പേരിലാണ് ചെക്ക് നൽകിയത്. മിഥുന്റെ പിതാവ് മനുവും അനുജൻ സുജിനും ചേർന്നാണ് ധനസഹായം ഏറ്റുവാങ്ങിയത്.
നേരത്തെ തേവലക്കര ബോയ്സ് എച്ച് എസിൽ മന്ത്രിമാർ സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷം മന്ത്രിമാർ കുട്ടിയുടെ വീട്ടിലുമെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രി കെ എൻ ബാലഗോപാൽ എന്നിവരാണ് മിഥുന്റെ വീട്ടിലെത്തിയത്. മിഥുന്റെ പിതാവുമായി മന്ത്രിമാർ സംസാരിച്ചു. സർക്കാർ മിഥുനൊപ്പമാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.മിഥുൻ മരിച്ച സംഭവത്തിൽ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റിന് കാരണം കാണിക്കൽ നോട്ടീസും നൽകി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.