മലയോരമേഖലയിൽ വീണ്ടും പനി

Saturday 19 July 2025 1:20 AM IST

വിതുര: മഴതോരാതെ പെയ്യാൻ തുടങ്ങിയതോടെ മലയോരത്ത് വീണ്ടും പകർച്ചപ്പനിയുടെ കാലമായി. കൂടുതലും കുട്ടികളിലേക്ക് പനി വ്യാപിച്ചതോടെ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം കടുത്ത പനി, ജലദോഷം,ചുമ,തുമ്മൽ,തലവേദന,ശ്വാസംമുട്ടൽ,ശരീരവേദന എന്നിവയുമായി വിതുര ഗവ. താലൂക്ക് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രം, മലയടി കുടുംബാരോഗ്യകേന്ദ്രം എന്നീ ആശുപത്രികളിൽ രോഗബാധിതരായെത്തുന്നവരുടെ എണ്ണവും അനുദിനം ഉയരുകയാണ്.ഹോമിയോ, ആയുർവേദ ആശുപത്രികളിലും പനിബാധിതരുടെ തിരക്കുണ്ട്.

 ആവശ്യങ്ങൾ ഏറെ

അരുവിക്കര മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും പനി നിറഞ്ഞു. ആദിവാസി ഊരുകളിലും തോട്ടം മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. മഴക്കാലമായതോടെ ആദിവാസി കോളനികളും ഒറ്റപ്പെട്ടു. ആദിവാസി, തോട്ടം മേഖലകളിൽ സൗജന്യറേഷൻ നൽകണമെന്നും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നുമാണ് പൊതുവായ ആവശ്യം.

 കുട്ടികൾക്കിടയിലും പനി

കുട്ടികൾക്കിടയിൽ പനിയും മറ്റ് രോഗങ്ങളും പടരാൻ തുടങ്ങിയതോടെ സ്കൂളുകളിൽ ഹാജർനില കുറഞ്ഞിട്ടുണ്ട്. മുമ്പ് കുട്ടികൾക്കിടയിൽ ചിക്കൻപോക്സും തക്കാളിപ്പനിയും വ്യാപിച്ചിരുന്നു.

കാലാവസ്ഥ വ്യതിയാനംകൊണ്ടാണ് രോഗം വ്യാപിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആരോഗ്യവകുപ്പ് ശക്തമായി പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയതോടെ രോഗം നിയന്ത്രണ വിധേയമാക്കിയിരുന്നു.