മട്ടൻ, ബീഫ് വില ഉയർത്തി കച്ചവടക്കാർ ഹോട്ടലുകൾക്ക് 'മുട്ടൻ' പണി

Saturday 19 July 2025 1:16 AM IST

കോട്ടയം: കച്ചവടക്കാർ അകാരണമായി ഇറച്ചി വില വർദ്ധിപ്പിക്കുന്നുവെന്ന പരാതിക്കിടെ മട്ടൻ,ബീഫ് ബിരിയാണി ഒഴിവാക്കി ഹോട്ടലുടമകൾ.

മൂന്ന് മാസത്തിനിടെ ആട്ടിറച്ചി വില 900ൽ നിന്ന് 1000 കടന്നു. ബീഫ് 380ൽ നിന്ന് 440ലെത്തി. കോഴി വിലയാകട്ടെ 150ലേക്ക് ഉയർന്നു.

കേരളത്തിൽ ആട് വളർത്തൽ കുറഞ്ഞതോടെ ഉത്തരേന്ത്യയിൽ നിന്നാണ് ഇറച്ചിക്കായി ആടുകളെ കൊണ്ടുവരുന്നത്. കോഴി തൂക്കും പോലെ കിലോക്ക് 350 രൂപ വെച്ചാണ് ജീവനോടെ ആടുകളെ തൂക്കുന്നത്. മൂന്നിരട്ടി വിലയ്ക്ക് വിറ്റ് കച്ചവടക്കാർ വൻ ലാഭം കൊയ്യുകയാണെന്നാണ് പരാതി. തോൽ പൊളിച്ച് ഇറച്ചിയാക്കുമ്പോൾ മട്ടന്റെ വില ആയിരത്തിലേക്ക് എത്തും. കരൾ, കുടൽ ,തലച്ചോർ ആട്ടിൻ തോൽ എന്നിവയ്ക്കും നല്ല ഡിമാൻഡാണ്. ഈ വർഷമാണ് 1000ന് മുകളിലേക്ക് ഉയർത്തിയത്. ഒരു വർഷത്തിനുള്ളിലാണ് ബീഫ് വില 360ൽ നിന്ന് 440 വരെ ഉയർത്തിയത്. പല കച്ചവടക്കാരും പല വിലയാണ് ഈടാക്കുന്നത്. വില നിയന്ത്രിക്കുന്നതിന് ഇടപെടൽ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്കും കഴിയുന്നില്ല. നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ബീഫ് വില ഏകീകരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ആട്ടിറച്ചി വില

2023ൽ :800 രൂപ

2024ൽ: 900 രൂപ

ഞങ്ങൾ വില വർദ്ധിപ്പിക്കില്ല!

ഇറച്ചിക്ക് തീവിലയെങ്കിലും വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. വില വർദ്ധിപ്പിച്ചാൽ അത് കച്ചവടത്തെ ബാധിക്കും.

ഭൂരിഭാഗം ഹോട്ടലുകളും ചിക്കൻ ബിരിയാണിയിലേക്ക് മാറി. വെളിച്ചെണ്ണ വിലയിലെ കുതിപ്പും ഹോട്ടലുകൾക്ക് ഇരുട്ടടിയായി.

മാംസ വിപണനരംഗത്ത് നിലവിൽ കോഴിവില മാത്രമാണ് സർക്കാർ പരിശോധിക്കുന്നത്. ആട്, പോത്തിറച്ചി വിലയിൽ ഏകീകരണമില്ല. ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം.

എബി ഐപ്പ് (ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം)