പച്ചതുരുത്താകും കണ്ണൂർ അടുത്ത മാസം ലക്ഷ്യത്തിലെത്തും
കണ്ണൂർ: ആഗസ്റ്റ് മാസത്തോടെ കണ്ണൂർ സമ്പൂർണ പച്ചതുരുത്ത് ജില്ലയാകും.ജില്ലയിൽ 329 പച്ചതുരുത്തുകളൊരുക്കാനാണ് ലക്ഷ്യമിടുന്നത്. തരിശുഭൂമിയിൽ പച്ചപ്പൊരുക്കി ജൈവ വൈവിധ്യം കത്ത് സൂക്ഷിക്കാനും കാലാവസ്ഥ വ്യതിയാനത്തെ തടയാനുമുള്ള ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് വ്യാപനപ്രവർത്തനത്തിന് തുടക്കമിട്ടത്. ജില്ലയിൽ ഉദയഗിരി ഗ്രാമ പഞ്ചായത്താണ് ആദ്യമായി പച്ചത്തുരുത്ത് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
കാർബൺ ക്രെഡിറ്റ് പദ്ധതിയിൽ പച്ചതുരുത്തും ഉൾപ്പെടുമെന്നതിനാൽ ഇതിൽ നിന്നുള്ള വരുമാനം പച്ചതുരുത്തുകൾ മുഖാന്തിരം ഭാവിയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കും.ഒരു നിശ്ചിത അളവിൽ കാർബൺഡൈ ഓക്സൈഡോ, മറ്റ് ഹരിതഗൃഹവാതങ്ങളോ പുറത്തുവിടാൻ അനുവദിക്കുന്ന കാർബൺ ക്രഡിറ്റ് വിറ്റാണ് വരുമാനം ലഭ്യമാക്കുന്നത്.
ഏറ്റവും വലിയ പച്ചത്തുരുത്ത് അയ്യപ്പൻകാവിൽ
മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻ കാവിലാണ് ജില്ലയിലെ ഏറ്റവും വലിയ പച്ചതുരുത്തുള്ളത്. 136 ഏക്കറിലാണ് ഇവിടെ പച്ചത്തുരുത്ത് കിടക്കുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പച്ചതുരുത്തു കൂടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയനാണ് 2022 ജൂൺ അഞ്ചിന് നടീൽ ഉദ്‌ഘാടനം ചെയ്‌തത്. 190 ഇനങ്ങളിലായി 27,200 മരങ്ങളും 9520 കുറ്റിചെടികളും 5440 വള്ളികളും ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്.പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതും അപൂർവമായതുമായ വെള്ളപ്പയിൻ, മോതിരക്കാഞ്ഞിരം, കാശാവ്, നീർമാതളം, ഇരുമുള്ളി, വാതംകൊല്ലി മരം, നീർക്കുരുണ്ട, ചെറുപുന്ന, ചേടാരം, ചീറ് വള്ളി, വള്ളി മന്ദാരം, പൂമാലക്കുറിഞ്ഞി,മരച്ചെക്കി, കീഴ്ക്കൊലച്ചെക്കി, ആറ്റുകടമ്പ്, കടമ്പ്, മരോട്ടി, കാട്ടശോകം,നായുരിപ്പ്, ഉരിപ്പ്,നീർമരുത്, പേര, താന്നി, ഞാവൽ, മണിമരുത്, കുളിർമാവ്, ചേറ്, എടന, ഉപ്പില, അശോകം, വെള്ളപ്പൈൻ, പാറകം, ആഞ്ഞിലി പ്ലാവ്, കണിക്കൊന്ന, അത്തി, നീർമാതളം, മുരിങ്ങ, നെല്ലി, വേപ്പ്, ഉങ്ങ്, ദന്തപ്പാല, കരിങ്ങോട്ട, കൊമ്പിൽ തുടങ്ങിയ സസ്യ വൈവിദ്ധ്യങ്ങൾ ഇവിടെയുണ്ട്.തൊഴിലുറപ്പ് തൊഴിലാളികളാണ് തൈകൾ നട്ടതും സംരക്ഷിക്കുന്നതും.
ശേഖരിക്കുന്നത് സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട വൃക്ഷതൈകൾ
കണ്ടൽ പച്ചതുരുത്ത്,സ്നേഹവനം ,ജയിൽ ട്രീമ്യൂസിയം പച്ചതുരുത്ത്, ദേവഹരിതം പച്ചതുരുത്ത് തുടങ്ങി വൈവിധ്യമാർന്ന പച്ചതുരുത്തുകളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. നിലവിൽ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട വൃക്ഷതൈകൾ ശേഖരിച്ച് പച്ചത്തുരുത്ത് ഒരുക്കാനുള്ള കർമ്മ പരിപാടിയും ഒരുക്കുന്നുണ്ട്. പരിസ്ഥിതി പ്രവർത്തകനായ കണ്ണപുരത്തെ വി.സി ബാലകൃഷ്ണനാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്. ഇതിലൂടെ നാടുകളുടെ പേരുള്ള വൃക്ഷങ്ങൾ ശേഖരിച്ച് നട്ടു വളർത്തും. കൂടുതൽ വൃക്ഷതൈകൾ ശേഖരിച്ചു നൽകുന്നവർക്ക് പ്രത്യേക പാരിതോഷികങ്ങളും ഹരിത കേരളം മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
പച്ചത്തുരുത്ത് കണ്ണൂരിൽ
416.94 ഏക്കർ
48,870 വൃക്ഷത്തൈകൾ
ചെറുതല്ല പ്രയോജനം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം കുറയ്ക്കുന്നു
പൊടിപടലങ്ങളും മറ്റും അന്തരീക്ഷത്തിൽ വ്യാപിക്കാതെ തടയുന്നു
വായുവിനെ വിഷമുക്തമാക്കുന്നു
മണ്ണൊലിപ്പ് സാധ്യത കുറച്ച് ജലത്തിന്റെ ഒഴുക്കിനെ മിതപ്പെടുത്തുന്നു
ഭൂഗർഭജലം വർദ്ധിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു
ശക്തമായ കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ വേഗത കുറക്കുന്നു
കണ്ണൂർ ജില്ലയിൽ 425 ൽ കൂടുതൽ പച്ചതുരുത്തുകൾ ഒരുക്കാൻ സാധിക്കും. നിലവിൽ 76 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് 329 പച്ചത്തുരുത്തുകള്‍ ഒരുക്കിയിട്ടുള്ളത്.
ഇ.കെ.സോമശേഖരൻ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ