തുറന്നിരുന്നിട്ടും ഒന്നും കാണാത്ത കണ്ണുകൾ

Saturday 19 July 2025 3:01 AM IST

അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും അശ്രദ്ധയുടെയും മറ്റും കാണാക്കെണികളിൽ വീണുപോകുന്നവരുടെ ജീവൻ വേണം,​ നമ്മുടെ ജാഗ്രതയുടെ കണ്ണു തുറക്കാനെന്ന സ്ഥിതി ദു:ഖകരവും ലജ്ജാകരവും മാത്രമല്ല,​ നാളെയെക്കുറിച്ച് പല മട്ടിൽ ആശങ്കയും ഭീതിയും ജനിപ്പിക്കുന്നതു കൂടിയാണ്. കൊല്ലം തേവലക്കരയിൽ സ്കൂളിലെ ഷെഡ്ഡിനു മീതെ വീണുപോയ ചെരിപ്പെടുക്കാൻ കയറിയ എട്ടാംക്ളാസ് വിദ്യാർത്ഥി,​ ഷോക്കേറ്റു മരിക്കാനിടയായ സംഭവമുണ്ടായത് വ്യാഴാഴ്ച രാവിലെയാണ്. സ്കൂളുകളിലെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലും,​ സുരക്ഷാപ്രശ്നങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്ത് പരിഹാരത്തിന് വഴിയൊരുക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്കൂൾ മേധാവിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും,​ ജാഗ്രതക്കുറവ് കാട്ടുന്ന എയ്ഡഡ് സ്കൂളുകൾ ഏറ്റെടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്ന് പ്രഖ്യാപിക്കാനുമൊക്കെ നമുക്ക് ഒറ്റദിവസമേ വേണ്ടിവന്നുള്ളൂ! പക്ഷേ,​ അതിന് മിഥുൻ മനു എന്ന പതിമൂന്നുകാരന്റെ ജീവൻ വേണ്ടിവന്നു!

കണ്ണൂരിൽ ദേശീയപാതാ നിർമ്മാണത്തിലെ അപാകത ശ്രദ്ധയിലെത്താനും,​ കരാറുകാരെക്കൊണ്ടുതന്നെ, അവർ പണിപൂർത്തിയാക്കിയ ഭാഗം മുഴുവൻ പുനർനിർമ്മിക്കാൻ ഉത്തരവിടാനും ആ റോഡാകെ ഇടിഞ്ഞുതാഴ്ന്ന് സർവീസ് റോഡിലേക്ക് വീഴേണ്ടിവന്നു. ഭാഗ്യംകൊണ്ടു മാത്രം അവിടെ മനുഷ്യദുരന്തം സംഭവിച്ചില്ല. ആരോഗ്യ വകുപ്പിനു കീഴിലെ ആശുപത്രി മന്ദിരങ്ങളിൽ പഴക്കംകൊണ്ട് അപകടഭീഷണിയുയർത്തുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കാൻ നമുക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു ദുരന്തം വേണ്ടിവന്നു! അന്ന്,​ അവിടെ കെട്ടിടം തകർന്നുവീണ് മരിച്ചത് ശസ്ത്രക്രിയ കാത്തു കഴിയുന്ന മകൾക്ക് കൂട്ടിരിക്കാൻ വന്ന വീട്ടമ്മയാണ്. അറ്റകുറ്റപ്പണിയുടെ ഭാഗമായി റോഡരികത്തു തീർത്ത പാതാളക്കുഴികളിൽ വീണ് മരണം പൂകേണ്ടിവരുന്നവർ,​ ആശുപത്രികളിലെ ചികിത്സാ പിഴവു കാരണം നിത്യദുരിതം ചുമക്കേണ്ടിവരുന്നവർ,​ തെരുവുനായ്ക്കളുടെ കൂർത്ത കോമ്പല്ലുകളിൽ ജീവൻ കൊരുക്കപ്പെടുന്ന കുഞ്ഞുങ്ങൾ.... ഓരോ ദുരന്തമുണ്ടാകുമ്പോഴും നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഞെട്ടിയുണരും. നടപടികൾ തകൃതിയാകും!

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചത് ആരുടെ കുറ്റംകൊണ്ടെന്ന തർക്കം മുറുകുന്നതേയുള്ളൂ. സ്കൂൾ അധികൃതരുടെ കുറ്റംകൊണ്ടാണെന്ന് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റംകൊണ്ടാണെന്ന് വൈദ്യുതി വകുപ്പ്. ഇതൊന്നുമല്ല,​ ചെരിപ്പെടുക്കാൻ ഷെഡിനു മീതെ കയറിയ കുട്ടിയുടെ ശ്രദ്ധക്കുറവെന്ന് ചില മന്ത്രിമാർ. അവസാനം സ്കൂളിലെ പ്രഥമാദ്ധ്യാപികയെ സസ്പെൻഡ് ചെയ്ത് സർക്കാർ നടപടി. സ്കൂൾ തന്നെ വേണ്ടിവന്നാൽ ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് വകുപ്പു മന്ത്രി. പക്ഷേ,​ സ്കൂൾ ഷെഡിനു മീതെക്കൂടി, കുട്ടികളുടെ കൈയെത്തും അകലത്തിൽ വൈദ്യുതി ലൈൻ താഴ്ന്നുകിടക്കുന്നതു മാത്രം ആരും കണ്ടില്ല- മിഥുൻ എന്ന നിഷ്കളങ്ക ബാലന്റെ ജീവൻ അതിൽ കുരുങ്ങി,​ പിടഞ്ഞൊടുങ്ങും വരെ! കൊച്ചുവീടിന്റെ ചുവരുകളിൽ വരച്ചിട്ട ചിത്രങ്ങളിൽ അവന്റെ മനസുണ്ടായിരുന്നു. കൂട്ടുകാർക്കൊപ്പം പന്തുകളിച്ചു തിമിർത്ത മൈതാനം അവന്റെ സ്വപ്നങ്ങൾ തിരിച്ചറിഞ്ഞിരുന്നു...

ജീവിതദുരിതങ്ങളുടെ ആഴങ്ങൾ നീന്തി,​ കുടുംബത്തിന്റെ തോണി കരയ്ക്കടുപ്പിക്കാൻ കുവൈറ്റിൽ വീട്ടുജോലിക്കു പോകേണ്ടിവന്ന ഒരമ്മയുടെ മൂത്ത കുട്ടി. കൂലിപ്പണിക്കാരനായ ഒരച്ഛന്റെ സ്വപ്നക്കുരുന്ന്. ഇന്ന് ആ അമ്മ നാട്ടിലെത്തുമ്പോൾ അവനില്ല. ഇന്നു രാവിലെ,​ പൊതുദർശനത്തിനായി അവന്റെ ശരീരം സ്കൂളിലേത്ത് എത്തിക്കുമ്പോൾ കണ്ണീർ തോരാത്ത ഒരു മുഖവുമുണ്ടാകില്ല... ഒറ്റപ്പെട്ട ദുരന്തങ്ങളായെണ്ണി നമ്മൾ ഇതും മറക്കും. പക്ഷേ,​ അപകടങ്ങളുടെയും ദുരന്തങ്ങളുടെയും എത്രയോ കെണികൾ എന്റെയും നിങ്ങളുടെയുമൊക്കെ നടവഴികളിൽ നിത്യം കൺതുറന്നിരിപ്പുണ്ട്; അദൃശ്യമായല്ല,​ എല്ലാവരും കാൺകെത്തന്നെ! അതു കാണേണ്ട കണ്ണുകളാണ് തുറക്കേണ്ടത്. അതിന് ഇനിയൊരിക്കലും ഒരു ജീവൻ പകരം നല്കേണ്ടിവരരുത്.