പയ്യാമ്പലത്ത് ഉമ്മൻചാണ്ടിയുടെ പേരുള്ള ശിലാഫലകം പുന: സ്ഥാപിച്ച് കോൺഗ്രസ്
കണ്ണൂർ: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാർക്കിന്റെയും സീ പാത്ത് വേയുടെയും നീക്കം ചെയ്ത ശിലാഫലകം പുന;സ്ഥാപിച്ച് കോൺഗ്രസ്. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിലാണ് ശിലാഫലകം പയ്യാമ്പലം പാത്ത് വേ കവാടത്തിൽ സിമന്റിട്ടുറപ്പിച്ചത്. പദ്ധതി നവീകരിച്ചതിന്റെ ഉദ്ഘാടനത്തിന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പേരുള്ള ശിലാഫലകം സ്ഥാപിക്കാനാണ് മുൻമുഖ്യമന്ത്രിയുടെ പേരുള്ള ഫലകം നീക്കിയത്.
സംഭവമറിഞ്ഞയുടൻ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പ്രവർത്തകർ കഴിഞ്ഞ ദിവസം തന്നെ പഴയ ശിലാഫലകം കവാടത്തിൽ എടുത്തുവച്ചിരുന്നു.സംസ്ഥാന ടൂറിസം സെക്രട്ടറിക്കും ഡി.ടി.പി.സി ചെയർമാനായ ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടും പുനസ്ഥാപിക്കാത്ത സാഹചര്യത്തിലാണ് ഡി.സി. സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ ശിലാഫലകം സിമന്റിട്ടുറപ്പിച്ചത്.
നേതാക്കളായ അഡ്വ.ടി.ഒ.മോഹനൻ ,എം.കെ.മോഹനൻ ,പി.മുഹമ്മദ് ഷമ്മാസ് ,കായക്കൽ രാഹുൽ ,വിജിൽ മോഹനൻ ,കൂക്കിരി രാജേഷ്, അഡ്വ.പി.ഇന്ദിര , സി എം.ഗോപിനാഥ് ,റോബർട്ട് വെള്ളാംവെള്ളി , ഫർഹാൻ മുണ്ടേരി , കെ.കെ.ഷിബിൽ , ,ഷിബു ഫെർണാണ്ടസ് ,പി.എ.ഹരി ,വി.സി നാരായണൻ ,വിഹാസ് അത്താഴക്കുന്ന് ,ആഷിത്ത് അശോകൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.