ആശുപത്രിയിൽ നിന്ന് അനസ്തേഷ്യ മരുന്ന് കടത്തിയ യുവാവ് പിടിയിൽ
ആലപ്പുഴ : നഗരത്തിലെ സ്വകാര്യആശുപത്രിയുടെ അഞ്ചാംനിലയിലെ ശസ്ത്രക്രിയ മുറിക്കുള്ളിൽ കയറി അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്നതടക്കമുള്ള മയക്കുമരുന്നുകൾ മോഷ്ടിച്ച ആലപ്പുഴ തലവടി കുറ്റിക്കാട്ട് വെളിയിൽ വീട്ടിൽ ശരത്തിനെ (26) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 14 ആംപ്യുളുകൾ, 12 വേദനസംഹാരികൾ, എന്നിവയാണ് മോഷണം പോയത്.
അനസ്തേഷ്യ വിഭാഗത്തിലെ രണ്ട് ഡോക്ടർമാരുടെ സീലുകൾ, സ്റ്റാമ്പ് പാഡ് എന്നിവയും മോഷ്ടിച്ചിരുന്നു. തെളിവെടുപ്പിൽ പ്രതിയുടെ വീട്ടിൽ നിന്ന് ഇവ കണ്ടെത്തി. ആശുപത്രികളുടെ പേരിലുള്ള ടാഗും കണ്ടെടുത്തു. കൈക്കലാക്കിയ മയക്കുമരുന്നുകൾ ഉപയോഗിച്ചു തീർത്തതായാണ് പ്രതി നൽകിയ മൊഴി. മുമ്പ് മൂന്ന് തവണയും സമാനമായ രീതീയിൽ ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയിൽ കയറി മരുന്നുകൾ മോഷ്ടിച്ചിട്ടുണ്ടെന്നും ഉറക്കം വരാത്തതിനാലാണ് പാതിരാത്രിയിൽ മരുന്ന് കൈക്കലാക്കാൻ ഇറങ്ങുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ആശുപത്രിയിലെ സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ചിത്രം ലഭിച്ചത്.കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
മുമ്പ് മൂന്ന് തവണയും മരുന്നുകൾ മാത്രമാണ് മോഷ്ടിച്ചിരുന്നത്. കഴിഞ്ഞദിവസം ഡോക്ടർമാരുടെ സീലുകളും മോഷണം പോയതോടെയാണ് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതും പരാതിപ്പെട്ടതും. സി.സി.ടി.വിയടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾക്ക് മുന്നിലൂടെ ലിഫ്റ്റ് കയറിയാണ് പ്രതി ശസ്ത്രക്രിയാ മുറിയിലെത്തിയത്. ഇവിടെ ഡബിൾ ലോക്കർ സംവിധാനമുള്ള അലമാരയിലാണ് അതീവ പ്രാധാന്യമുള്ള മരുന്നുകൾ സൂക്ഷിക്കുന്നത് ഇവയുടെ താക്കോലുകൾ മറ്റൊരു മേശയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് താക്കോലെടുത്ത് തുറന്നായിരുന്നു മോഷണം. എല്ലാദിവസവും മരുന്നുകൾ പരിശോധിച്ച് രേഖപ്പെടുത്തിവയ്ക്കുന്ന ആശുപത്രിയിൽ ഇതറിയാതെ പോവുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ ജീവനക്കാർക്ക് കേസുമായി പങ്കില്ലെന്നാണ് നിഗമനമെന്നും അന്വേഷണം തുടരുമെന്നും ആലപ്പുഴ നോർത്ത് സി.ഐ എം.കെ.രാജേഷ് പറഞ്ഞു.
മെഡിക്കൽ സ്റ്റോറിന്റെ പേരിൽ ലഹരി
എത്തിച്ചവർക്ക് 10 വർഷം കഠിനതടവ്
മെഡിക്കൽ സ്റ്റോറിലേക്കെന്ന വ്യാജേന കൊറിയർ സർവീസ് വഴി ലഹരിമരുന്ന്എത്തിച്ച കേസിലെ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപയും പിഴയും ശിക്ഷ വിധിച്ചു. കൊല്ലം വടക്കേവിള തണ്ടാശേരിവയലിൽ അമീർഷാൻ (26), മുള്ളുവിള നഗർ ദീപം വീട്ടിൽ ശ്രീശിവൻ (32) എന്നിവരെയാണ് ജില്ല അഡീഷണൽ സെക്ഷൻസ് കോടതി (രണ്ട്) ശിക്ഷിച്ചത്. 2023 സെപ്റ്റംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ സ്റ്റോറിലേക്കാണെന്ന് പറഞ്ഞ് ഹൈദരാബാദിലെ മരുന്ന് നിർമ്മാണ കമ്പനിക്ക് ഓൺലൈൻവഴി ഓർഡർ നൽകിയശേഷം ബന്ധപ്പെടാനായി പ്രതികളുടെ നമ്പരാണ് കൊടുത്തത്. 10 മില്ലിലിറ്റർ വീതമുള്ള 100 കുപ്പികളിലായി ദ്രാവകരൂപത്തിലുള്ള ഒരുലിറ്റർ ഡയസെപാം ആണ് ഓർഡർ ചെയ്തത്. കൊറിയറുകാർ വിളിച്ച സമയം പ്രതികളെ നമ്പരിൽ ലഭ്യമായില്ല. തുടർന്ന് നേരിട്ട് മെഡിക്കൽ സ്റ്റോറിലേക്ക് മരുന്നെത്തിച്ചതോടെയാണ് പ്രതികൾ കുടുങ്ങിയത്. ആലപ്പുഴ അസി. എക്സൈസ് കമീഷണറായിരുന്ന എം.നൗഷാദാണ് കുറ്റപത്രം സമർപ്പിച്ചത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർകോട്ടിക് സ്പെഷൽ സി.ഐയായിരുന്ന എം.മഹേഷാണ് കേസ് അന്വേഷിച്ചത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.ഐ ശ്രീമോൻ ഹാജരായി. വാർത്താസമ്മേളനത്തിൽ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണർ എസ്. അശോക്കുമാർ, എക്സൈസ് അസി.കമ്മീഷണർ എ.പി.ഷാജഹാൻ എന്നിവർ പങ്കെടുത്തു.