ടോൾ പിരിവിൽ കോടതി വിധി വരാനിരിക്കെ, കുരുക്കഴിക്കാൻ പെടാപ്പാട്

Saturday 19 July 2025 12:00 AM IST

തൃശൂർ: പാലിയേക്കര ടോൾ പിരിവിൽ കോടതി വിധി വരാനിരിക്കെ കുരുക്കഴിക്കാൻ പണിപ്പെട്ട് ദേശീയപാത അതോറിറ്റി. ദേശീയപാതയിൽനിന്ന് വാഹനങ്ങൾ പല വഴിക്കും തിരിച്ച് വിട്ടാണ് കുരുക്കാൻ ശ്രമം. കുരുക്ക് ഇല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തലാണ് ദേശീയപാത അതോറിറ്റിയുടെ കരാറുകാരന്റെയും ആദ്യ കടമ്പ. അടിപ്പാത നിർമ്മാണ പ്രവർത്തനങ്ങളും റോഡിലെ കുഴികളും മൂലം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ടോൾ പിരിവ് നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിലാണ് ഹർജി നൽകിയത്. ഹർജി പരിഗണിക്കവെ കുരുക്ക് കുറഞ്ഞെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സത്യമതല്ലെന്ന് ബോധ്യപ്പെട്ടതോടെ ഹർജിയിൽ തീരുമാനം പറയാൻ മാറ്റുകയായിരുന്നു. വൻ ഗതാഗത ക്കുരുക്ക് ഇപ്പോഴും തുടരുന്നത് കോടതിക്ക് ബോധ്യപ്പെട്ടതാണ് തിരിച്ചടിയായത്. കളക്ടറുടെ റിപ്പോർട്ടും ദേശീയ പാത അതോറിറ്റിക്കെതിരാണ്. ഗതാഗതക്കുരുക്കിന്റെ യഥാർഥ വസ്തുത കോടതിക്ക് നൽകിയിട്ടുണ്ടെന്നാണ് സൂചന. കുരുക്ക് വലിയ പ്രശ്‌നമായതോടെ കളക്ടർ രണ്ട് തവണ ടോൾ പിരിവ് നിറുത്തി വച്ചിരുന്നു. ഇതിനെ ദേശീയ പാത അതോറിറ്റി കോടതിയിൽ ചോദ്യം ചെയ്തിരുന്നു.

ചെളിക്കുളമായി റോഡുകൾ

ദേശീയപാതയിൽ അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിലെ സർവീസ് റോഡുകൾ തകർന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം.മണ്ണിട്ട് അടച്ച കുഴികൾ മഴ കനത്തതോടെ ചെളക്കുളമായി. എന്നാൽ സർവീസ് റോഡുകൾ സഞ്ചാര യോഗ്യമാക്കി പ്രശ്‌നം പരിഹരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

മുടിക്കോട് ഗതാഗത നിയന്ത്രണം

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുടിക്കോട്' സർവീസ് റോഡിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. തൃശൂർ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന പൊതുജനങ്ങൾ ദേശീയപാത ഒഴിവാക്കി യാത്ര ചെയ്യണമെന്ന് പീച്ചി പൊലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.