ലക്ഷ്മിയുടെ സ്വപ്നങ്ങൾക്ക് ചിറകേകി സുരേഷ് ഗോപി
ഹരിപ്പാട്: കേന്ദ്ര സർക്കാർ പൈലറ്റുമാരുടെ പരിശീലനത്തിനായി നടത്തുന്ന ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയുടെ ദേശീയ എൻട്രൻസ് പരീക്ഷയിൽ ഒ.ബി.സി വിഭാഗത്തിൽ നാലാം റാങ്ക് നേടിയ ഹരിപ്പാട് കരുവാറ്റ സ്വദേശിനി ലക്ഷ്മി ശ്രീജിത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഈയാഴ്ച തന്നെ ഫീസ് അടച്ചില്ലെങ്കിൽ ആഗസ്റ്റിൽ തുടങ്ങുന്ന ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്ന ലക്ഷ്മിക്ക് തുണയായത് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.സോമന്റെ ഇടപെടലാണ്. ലക്ഷ്മിയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക അവസ്ഥയും കെ.സോമനിൽ നിന്ന് അറിഞ്ഞ സുരേഷ് ഗോപി, ആദ്യ ഗഡുഫീസായ രണ്ടര ലക്ഷം രൂപ നൽകിയതോടെയാണ് ലക്ഷ്മിയുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളച്ചത്.
കെ.സോമൻ വീട്ടിലെത്തി ലക്ഷ്മിയെ ആദരിക്കുകയും സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിക്കാൻ അവസരം ഒരുക്കുകയും ചെയ്തു. ജില്ലാ ഉപാദ്ധ്യക്ഷൻ സി. ദേവാനന്ദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മനു പള്ളിപ്പാട്, ജി.എസ്. ബൈജു, ബി.ജെ.പി കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് ഗംഗ ജി.നായർ, ജനറൽ സെക്രട്ടറി കെ. മധു, മണ്ഡലം മുൻ പ്രസിഡന്റ് കരുവാറ്റ വിശ്വൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.