ഭാരതാംബ ചോദ്യം; വി.സി ഇറങ്ങിപ്പോയി
തിരുവനന്തപുരം: സെനറ്റ് ഹാളിൽ ഭാരതാംബയുടെ ചിത്രം വച്ചതു സംബന്ധിച്ച ചോദ്യങ്ങളെത്തുടർന്ന് വാർത്താസമ്മേളനം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി വി.സി ഡോ.മോഹനൻ കുന്നുമ്മൽ. ചോദ്യങ്ങൾ രാഷ്ട്രീയത്തിലേക്കു വഴുതിവീഴുന്നെന്ന് പറഞ്ഞാണ് പോയത്. എന്നാൽ മന്ത്രി ബിന്ദു കൂടിക്കാഴ്ചയ്ക്ക് വിളിച്ചതിനാലാണ് വാർത്താസമ്മേളനം അവസാനിപ്പിച്ചതെന്ന് വി.സി പിന്നീട് കേരളകൗമുദിയോട് പറഞ്ഞു.
ചെഗുവേരെയുടെ ചിത്രം യൂണിവേഴ്സിറ്റിയുടെ പ്രവേശനം നടക്കുന്ന സ്ഥലത്ത് വച്ചതിനെക്കുറിച്ച് വി.സി. പറഞ്ഞപ്പോഴാണ് ഭാരതാംബ ചോദ്യമുയർന്നത്. മുൻപ് ഇവിടെ പഠിപ്പിച്ചിരുന്ന ഒ.എൻ.വി കുറുപ്പിന്റെ ചിത്രമാണ് വയ്ക്കേണ്ടിയിരുന്നതെന്നായിരുന്നു വി.സിയുടെ മറുപടി. രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ ഗവർണറെ അപമാനിച്ചതിനാണ്. രജിസ്ട്രാർ പദവിയിൽ തുടർന്നാൽ തെളിവു നശിപ്പിക്കും. അതുകൊണ്ടാണു മാറ്റിയത്.
വിദ്യാർത്ഥികളെന്ന വ്യാജേന നടക്കുന്നവർ സമരം നടത്തുന്നത് തട്ടിപ്പാണ്. അവർ കലാപം നടത്തുമ്പോൾ താനും കൂടി വന്ന് അതിൽ എണ്ണ ഒഴിക്കേണ്ട എന്നു കരുതിയാണ് വരാതിരുന്നത്. അതിനുശേഷം, വിസിയെ തടയില്ലെന്ന് അറിയിച്ചതുകൊണ്ടാണു വന്നത്. കോമാളിത്തരങ്ങൾ കാണിക്കരുത്, നല്ല രീതിയിൽ പെരുമാറിയാൽ ജനം അംഗീകരിക്കും. സമരത്തിന്റെ പേരിൽ അക്രമികളെ ഇറക്കുകയാണ്. കുട്ടികൾ ഭയന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഓടിപ്പോകുന്നു. പാവപ്പെട്ട കുട്ടികൾ വായ്പയെടുത്താണ് പോകുന്നത്.
ഇന്നലെ ഒപ്പിട്ടത് 1838 ബിരുദ സർട്ടിഫിക്കറ്റ്
ഇരുപത് ദിവസത്തിനു ശേഷം സർവകലാശാലയിലെത്തിയ വി.സി ഇന്നലെ ഒപ്പിട്ടത് 1838 സർട്ടിഫിക്കറ്റുകളിൽ. ബിരുദം മുതൽ ഗവേഷണ ബിരുദം വരെയുള്ള സർട്ടിഫിക്കറ്റുകളാണിത്. നഷ്ടപ്പെട്ടവയ്ക്ക് പകരമുള്ള 145 സർട്ടിഫിക്കറ്റുകളിലും ഒപ്പിട്ടു. ഇതുവരെ ലഭിച്ച എല്ലാ ബിരുദ അപേക്ഷകളും തീർപ്പാക്കിയതായി വി.സി പറഞ്ഞു.
പ്രോ വിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള ജീവനക്കാരുടെ 15 അപേക്ഷകളും അംഗീകരിച്ചു. മൂന്നുതരത്തിലെ കൈയക്ഷരത്തിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിനിക്ക് തുടർ പരീക്ഷ എഴുതാനുള്ള അനുമതിയും നൽകി. പ്രതിമാസം ശമ്പളം നൽകാൻ വേണ്ട 30 കോടിയിൽ 4 കോടി വരെ സർക്കാരിൽ നിന്ന് കുറവു വരുത്തുന്ന പ്രശ്നം ഫിനാൻസ് വിഭാഗവുമായി ചർച്ച ചെയ്തു. ഇൻക്രിമെന്റ് ലഭിക്കാത്തതിനാൽ രാജിക്കൊരുങ്ങിയ ഫിനാൻസ് ഓഫീസറോട് പദവിയിൽ തുടരാനും വി.സി നിർദ്ദേശിച്ചു.
തടഞ്ഞില്ല
20 ദിവസത്തിനുശേഷം ഇന്നലെ വി.സി സർവകലാശാലയിലെത്തിയെങ്കിലും എസ്.എഫ്.ഐക്കാർ തടഞ്ഞില്ല. 1838 ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാനായിരുന്നു വരവ്. 300 പൊലീസുകാരെ വിന്യസിച്ചിരുന്നു. അതേസമയം, തന്റെ നിർദ്ദേശപ്രകാരമാണ് വി.സി എത്തിയതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
സർവകലാശാല കത്തിയെരിയുന്നതിൽ ആർക്കാണ് താത്പര്യം. സർക്കാർ മുട്ടുമടക്കുന്നതല്ല -ഡോ. ആർ.ബിന്ദു ഉന്നതവിദ്യാഭ്യാസ മന്ത്രി
വി.സിയും രജിസ്ട്രാറുമെല്ലാം മാറിമാറിവരും. സസ്പെൻഷൻ അംഗീകരിച്ചില്ലെങ്കിൽ തെറ്റായ കീഴ്വഴക്കമാവും -ഡോ. മോഹനൻ കുന്നുമ്മൽ, വൈസ്ചാൻസലർ