നിയമ പരീക്ഷകൾ മലയാളത്തിൽ എഴുതാം

Saturday 19 July 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമ കോഴ്സുകളിലെ പരീക്ഷകൾ മലയാളത്തിൽ എഴുതാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ അനുമതി നൽകി. മന്ത്രി ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന കൗൺസിൽ ഗവേണിംഗ് സമിതി യോഗത്തിലാണ് തീരുമാനം. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ബിരുദങ്ങൾക്ക് മറ്റ് സർവകലാശാലകൾ വേഗത്തിൽ തുല്യതയും അംഗീകാരവും നൽകണമെന്ന് തീരുമാനിച്ചു. പരിഷ്ക്കരിച്ച പി.ജി-ബി വോക് കരിക്കുലം റിപ്പോർട്ടുകൾ അംഗീകരിച്ചു. വ്യാവസായിക - അക്കാഡമിക് സഹകരണം സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങളും കർമ്മപദ്ധതികളും തയ്യാറാക്കുന്നതിന് പ്രൊഫ. സാബുതോമസ്, ഡോ. ജിജു.പി. അലക്സ്, ഡോ. രാജശ്രീ എം.എസ് എന്നിവരുടെ സമിതി രൂപീകരിച്ചു. സർവകലാശാലകളിലും കോളേജുകളിലും സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും. നാലു വർഷ ബിരുദ കോഴ്സുകളിൽ കെൽട്രോണുമായി സഹകരിച്ചുള്ള ഇന്റേൺഷിപ്പ് പോർട്ടൽ അടുത്തമാസം സജ്ജമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്റേൺഷിപ്പുണ്ടാവും. എല്ലാ സർവകലാശാലകളിലും കെ-റീപ്പ് സോഫ്‌റ്റ്‌വെയർ നടപ്പാക്കും. വിജ്ഞാന വ്യവസ്ഥകൾ സംബന്ധിച്ച ദേശീയ സെമിനാർ സംഘടിപ്പിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഏഴ് മികവിന്റെ കേന്ദ്രങ്ങളെ സംബന്ധിച്ച അവലോകന റിപ്പോർട്ട് യോഗത്തിൽ അംഗീകരിച്ചു. കൗൺസിൽ പ്രതിനിധികളും സർവകലാശാലാ വി.സിമാരും പങ്കെടുത്തു.