സ്പോർട്സ് സ്കൂളുകളിലെ ഭക്ഷണ വിതരണം ടെൻഡർ ഇല്ലാതെ
തിരുവനന്തപുരം : സംസ്ഥാന കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ മൂന്നുവർഷമായി സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകിയത് ടെൻഡർ നടപടികൾ ഒഴിവാക്കി. ഓരോ വിദ്യാർത്ഥിക്കും ദിവസേന 250 രൂപ നിരക്കിൽ അഞ്ഞൂറോളം കുട്ടികൾക്കാണ് ഭക്ഷണം നൽകേണ്ടത്. 2022 നവംബർ മുതൽ എറണാകുളം കളമശേരിയിലുള്ള പാച്ചൂസ് കിച്ചൺ എന്ന സ്ഥാപനത്തിന് കരാർ നൽകിയത് ടെൻഡർ കൂടാതെയാണെന്ന് വിവരാവകാശ മറുപടിയിൽ കായിക യുവജനകാര്യാലയം വ്യക്തമാക്കി.
പ്രളയം പോലെയുള്ള അടിയന്തരസാഹചര്യങ്ങളിൽ മാത്രമാണ് ടെൻഡർ കൂടാതെ ഭക്ഷണവിതരണ കരാർ നൽകാൻ അനുമതി. ഇതുമറയാക്കിയാണ് മൂന്നുവർഷത്തോളമായി സ്വകാര്യസ്ഥാനത്തിന് കായിക വകുപ്പ് കരാർ നൽകിയിരിക്കുന്നത്. ഓരോ കുട്ടിക്കും 300 രൂപ വീതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യവകുപ്പിന് കത്തുനൽകിയെങ്കിലും അത് നിരസിച്ചാണ് 250 രൂപ നിശ്ചയിച്ചത്.
2021 മുതൽ 2022 ഫെബ്രുവരി വരെ അരുവിക്കര പൂപ്പൻസ് കറീസ് എന്ന സ്ഥാപനത്തിനായിരുന്നു കരാർ ലഭിച്ചത്. 2022 ഫെബ്രുവരിയിൽ പഞ്ചമി കുടുംബശ്രീ യൂണിറ്റിനും 2022 സെപ്തംബറിൽ ലക്നൗവിലുള്ള സുമംഗലം കാറ്ററേഴ്സിനും കരാർ നൽകി. ഇവർക്കെതിരെ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് 2022 നവംബറിൽ പാച്ചൂസ് കിച്ചണിനെ ഏൽപ്പിച്ചതെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം ചോദ്യമുയർന്നതിന് പിന്നാലെ, ടെൻഡർ നടപടികളിലേക്ക് കടക്കുകയാണെന്ന് കായിക യുവജനകാര്യാലയം അറിയിച്ചിട്ടുണ്ട്.
പരാതിയില്ലെങ്കിലും
കുട്ടികൾ ആശുപത്രിയിൽ
നിലവിൽ ഭക്ഷണവിതരണം നടത്തുന്ന ഏജൻസിയെക്കുറിച്ച് പരാതികളില്ലെന്നാണ് വിവരാവകാശമറുപടിയിൽ കായിക യുവജന മന്ത്രാലയം അറിയിച്ചിരിക്കുന്നതെങ്കിലും 2024ൽ ജൂലായ് 20ന് തിരുവനന്തപുരം ജി.വി രാജ സ്കൂളിലെ കുട്ടികളെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു. ഭക്ഷ്യവിഷബാധയുടെ വ്യാപ്തി പുറത്തറിയാതിരിക്കാൻ കുട്ടികളെ വിവിധ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്.