ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ

Friday 18 July 2025 11:18 PM IST

മലപ്പുറം: അയൽവാസിയോട് കടം വാങ്ങിയ 100 രൂപയുമായി 10 പാക്കറ്റ് ഉണ്ണിയപ്പമുണ്ടാക്കിയായിരുന്നു തുടക്കം. ഇന്ന് കാറ്ററിംഗ് മേഖലയിൽ മികച്ച സംരംഭകയായി പെരെടുത്തിരിക്കുകയാണ് മലപ്പുറം സ്പിന്നിങ് മില്ലിനടുത്തത് താമസിക്കുന്ന കളത്തിങ്കൽ ഷെരീഫ. മാത്രമല്ല, ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ പ്രീമിയം കഫേ നടത്തുന്നതും ഷെരീഫയാണ്.സാമ്പത്തികബുദ്ധിമുട്ടുകളോടു പടപൊരുതിയാണ് ഷെരീഫയുടെ വിജയമെന്നത് ഇരട്ടിമധുരമാകുന്നു. ആദ്യകാലത്ത് ഉണ്ണിയപ്പം ഹിറ്റായതോടെ മുത്തൂസ് കാറ്ററിംഗ് എന്ന പേരിൽ ഇതിനൊപ്പം പത്തിരിയുടെയും ചപ്പാത്തിയുടെയും ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങി. 2018 ആയപ്പോഴേക്കും മുത്തൂസ് കാറ്ററിംഗ് എന്ന സംരംഭം കുടുംബശ്രീയുടെ ഭാഗമായി. കുടുംബശ്രീ വഴി ലഭിച്ച രണ്ട് ലക്ഷം രൂപ ലോണിലൂടെ കാറ്ററിംഗ് വിപുലമാക്കി. സിവിൽ സ്റ്റേഷനിലെ ആവശ്യമുള്ള ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം എത്തിക്കുന്ന ഡബ്ബ വാല പദ്ധതിയ്ക്കും തുടക്കമിട്ടു. മഞ്ചേരി മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾക്ക് ഭക്ഷണം എത്തിക്കുകയും 15ഓളം പേർക്ക് തൊഴിൽ നൽകുകയും ചെയ്തു. പെയിന്റിംഗ് ജോലി നിർത്തി മുഴുവൻ സമയവും ഭർത്താവ് സക്കീറും കൂടെ നിന്നു. സ്വലാത്ത് നഗറിൽ മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ 1,500 പേർക്ക് ബിരിയാണിയും 50 സ്‌പെഷ്യൽ സദ്യയും ഒരുക്കിയതും ഷരീഫയുടെ നേതൃത്വത്തിലാണ്. പാഴ്സൽ സർവീസ്, ടേക്ക് എവേ കൗണ്ടറുകൾ, കാത്തിരിപ്പുകേന്ദ്രം, കാറ്ററിംഗ്, ഓൺലൈൻ സേവനങ്ങൾ, മാലിന്യസംസ്‌കരണ ഉപാധികൾ, പാർക്കിംഗ് സൗകര്യം, ശൗചാലയം, നാപ്കിൻ മെഷീൻ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ കുടുംബശ്രീയുടെ പ്രീമിയം കഫെയിലുണ്ട്. കേരളീയ വിഭവങ്ങളും അറബിക്, ചൈനീസ് വിഭവങ്ങളും ഒപ്പം മലപ്പുറത്തിന്റെ തനതു രുചിക്കൂട്ടുകളും ലഭ്യമാണ്.