തസ്തിക നിർണയം ആറാം പ്രവൃത്തിദിനത്തിൽ; അദ്ധ്യാപകർക്ക് തസ്തിക നഷ്ടമായി

Friday 18 July 2025 11:18 PM IST

പത്തനംതിട്ട: അദ്ധ്യയനവർഷത്തെ തസ്തിക നിർണയത്തിന് ജൂൺ 30 വരെ ആധാർ ലഭിച്ച കുട്ടികളെക്കൂടി പരിഗണിക്കണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് തള്ളി. ഇക്കാര്യത്തിൽ അദ്ധ്യാപക സംഘടനകൾക്ക് മന്ത്രി വി. ശിവൻകുട്ടി നൽകിയ വാക്കു പാലിച്ചില്ലെന്നും ആക്ഷേപമുയർന്നു. ആറാം പ്രവൃത്തിദിനത്തിൽ സാധുവായ ആധാർ കാർഡുള്ള കുട്ടികളുടെ എണ്ണം മാത്രം പരിഗണിച്ചാണ് തസ്തിക നിർണയം നടത്തുന്നത്. ജൂലായ് 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇറക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ തസ്തിക നഷ്ടപ്പെട്ട അദ്ധ്യാപകരെ പുനർ വിന്യസിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിത്തുടങ്ങി. ആറാം പ്രവൃത്തി ദിവസത്തിന് മുമ്പായി ആധാർ കാർഡ് ലഭിക്കാത്തതിന്റെ പേരിൽ നൂറു കണക്കിന് കുട്ടികളാണ് പട്ടികയിൽ ഉൾപ്പെടാതെ പോയത്. കുട്ടികളുടെ എണ്ണത്തിൽ കുറവ് കാരണം നൂറ് കണക്കിന് അദ്ധ്യാപകർക്ക് തസ്തിക നഷ്‌ടമായി. അഞ്ചുവയസ് പൂർത്തിയായശേഷം ആധാർ കാർഡിന് അപേക്ഷ നൽകിയ പല കുട്ടികൾക്കും സാങ്കേതിക പ്രശ്നങ്ങൾ കാരണം യു.ഐ.ഡി നമ്പർ വൈകിയിട്ടുണ്ട്. സ്‌കൂൾ തുറന്ന് അഞ്ചുദിവസത്തിനുള്ളിൽ ആധാർ കാർഡ് എടുക്കാനുണ്ടായ ബുദ്ധിമുട്ട് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ആധാർ കാർഡ് ലഭിക്കുന്നതിലെ സാങ്കേതിക തടസമുൾപ്പെടെ അദ്ധ്യാപക സംഘടനകളുടെ യോഗത്തിൽ ഉന്നയിച്ചപ്പോഴാണ് ജൂൺ 30 വരെ ആധാർ കാർഡ് ലഭിച്ച കുട്ടികളെ പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ അതു പാഴ് വാക്കായി.

വിദ്യാഭ്യാസ മന്ത്രി നൽകിയ ഉറപ്പിന് വിരുദ്ധമായി ഇറക്കിയ ഉത്തരവുകൾ ഉടനെ പിൻവലിക്കണം. ജൂൺ 30 വരെ ലഭിച്ച ആധാർ കാർഡുകൾ പരിഗണിക്കണം.

ബിജു തോമസ്, ഇ.ടി.കെ ഇസ്മയിൽ, കെ.ജി.പി.എസ്. എച്ച്. എ ഭാരവാഹികൾ