മലപ്പുറം ജില്ലയിൽ ഈ വർഷം 25 മുങ്ങിമരണം
മലപ്പുറം: മുന്നറിയിപ്പുകളും ബോധവത്കരണവും ശക്തമായിട്ടും മലപ്പുറം ജില്ലയിൽ മുങ്ങിമരണങ്ങൾക്ക് കുറവില്ല. ഈ വർഷം ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 25 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകൾ. ഏറ്റവും കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് തിരൂർ ഫയർ സ്റ്റേഷന് കീഴിലാണ്. ആറെണ്ണം. ഏറ്റവും കുറവ് മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തത് പൊന്നാനിയിലാണ്. ഇവിടെ ഒരു മുങ്ങിമരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഗ്നിരക്ഷാ സേനയുടെ കണക്കിൽപ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താൽ മരണസംഖ്യ ഇനിയും ഉയരും. കഴിഞ്ഞ വർഷം ജില്ലയിൽ 75 മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024, 2023, 2022 വർഷങ്ങളിൽ മരണസംഖ്യ യഥാക്രമം 117, 120, 84 എന്നിങ്ങനെയായിരുന്നു. അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിലിറങ്ങുന്നതും പലപ്പോഴും മരണത്തിന് കാരണമാവാറുണ്ട്. നാട്ടിൻപുറത്തെ ചെറിയ ജലാശയങ്ങളിൽ നീന്തൽ പഠിച്ച് വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്. മദ്യപിച്ച് ജലാശയത്തിൽ ഇറങ്ങുന്നതും മുങ്ങിമരണങ്ങൾക്ക് പ്രധാന കാരണമാണ്. പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുമ്പോഴാണ് കൂടുതലും അപകടത്തിൽപെടുക. അപകടത്തിൽപെടുന്നവരിൽ ഏറെയും വിദ്യാർഥികളും യുവാക്കളുമാണ്. ജലാശയങ്ങളിലെ ആഴവും ഒഴുക്കിന്റെ സ്വഭാവവും വെള്ളത്തിലിറങ്ങുന്നവർ അറിഞ്ഞിരിക്കണം. അപകടത്തിൽപ്പെടുന്നവരെ കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നത് കൂടുതൽപേർ അപകടത്തിൽപ്പെടാൻ ഇടവരുത്തുന്നു.
ജലാശയ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അഗ്നിരക്ഷോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടാതെ, സിവിൽ ഡിഫൻസുമായി സഹകരിച്ച് 'മിടിപ്പ്' എന്ന പേരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനവും നൽകുന്നുണ്ട്.
ആകെ മുങ്ങിമരണം - 25
ഫയര്‍സ്റ്റേഷൻ മുങ്ങിമരണം
തിരൂർ - 6 മലപ്പുറം - 4 പെരിന്തൽമണ്ണ-4 താനൂർ - 3 തിരുവാലി-3 മഞ്ചേരി-2 നിലമ്പൂർ-2 പൊന്നാനി-1
കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഇവ അവഗണിക്കുന്നവർ നിരവധിയാണ്. ഇത് അപകടങ്ങളുടെ മുഖ്യകാരണമാണ്. സാഹസികത പരീക്ഷിക്കാനും ആഴമറിയാതെ ജലാശയത്തിൽ ഇറങ്ങുന്നതും മദ്യപിച്ചു പുഴയിൽ ഇറങ്ങുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
ഇ.കെ.അബ്ദുൾ സലീം, സ്റ്റേഷൻ ഓഫീസർ,
ഫയർ ആൻഡ് റെസ്‌ക്യൂ മലപ്പുറം