പണമിടപാട് സ്ഥാപനത്തിൽ നിന്നും സ്വർണം തട്ടിയെടുത്ത കേസിൽ മാനേജർ അറസ്റ്റിൽ

Saturday 19 July 2025 1:33 AM IST

തൃപ്രയാർ: വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ലോക്കറിൽ നിന്നും സ്വർണ ഉരുപ്പിടികൾ മോഷ്ടിച്ച കേസിൽ സ്ഥാപനത്തിലെ മാനേജർ അറസ്റ്റിൽ. കിഴ്പ്പിള്ളിക്കര സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദീപു (34) വിനെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റ് ചെയ്ത്. 96.9 ലക്ഷം വിലവരുന്ന ഒരു കിലോയിലധികം സ്വർണമാണ് മോഷ്ടിച്ചത്. പണയം വെച്ച ചാവക്കാടുള്ള സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച സ്വർണം വീണ്ടെടുത്തു. കൂടുതൽ സ്ഥലങ്ങളിൽ സ്വർണം പണയം വച്ചിട്ടുണ്ട്. ജൂലായ് 17ന് രാവിലെ സ്ഥാപനത്തിൽ സർപ്രൈസ് ഗോൾഡ് ഓഡിറ്റിങ്ങിനായി ജീവനക്കാർ വന്നപ്പോൾ ദീപു ലോക്കർ തുറന്ന് ഓഡിറ്റിഗിനായി പണയ സ്വർണ ഉരുപ്പടികൾ എടുത്തു നൽകിയ ശേഷം ബാഗുമെടുത്ത് സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഓഡിറ്റിഗിൽ സ്വർണം മോഷണം പോയതായി കണ്ടെത്തി. തുടർന്ന് സ്ഥാപനത്തിന്റെ തൃശൂർ ഏരിയാ സെയിൽസ് മാനേജർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി രാജു.വി.കെ, വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രമേഷ് എം.കെ, സബ് ഇൻസ്‌പെക്ടർ എബിൻ.സി.എൻ, സി.പി.ഒ. മാരായ അലി, മാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.