പ്രിയ നേതാവിന്റെ ക്ഷേമം തിരക്കി രാഹുൽ എത്തി
തിരുവനന്തപുരം: രാഷ്ട്രീയ നയ രൂപീകരണത്തിൽ എ.ഐ.സി.സി നേതൃത്വത്തിന്റെ നെടുംതൂണായ എ.കെ.ആന്റണിയെ കാണാൻ ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി. വഴുതക്കാട് ഈശ്വരവിലാസം റോഡിലുള്ള ആന്റണിയുടെ വസതിയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് 3.05 ഓടെയാണ് രാഹുൽ എത്തിയത്. ആന്റണിയുടെ പത്നി എലിസബത്ത് ആന്റണിയും ഇളയ മകൻ അജിത്ത് ആന്റണിയും രാഹുലിനെയും മറ്റ് നേതാക്കളെയും സ്വീകരിച്ചു.
ആന്റണിയുടെ ആരോഗ്യ വിവരങ്ങളാണ് രാഹുൽ ആദ്യം ചോദിച്ചറിഞ്ഞത്.
ഇതിനിടെ കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാഗാന്ധിയെ രാഹുൽ വിളിച്ച് , ഫോൺ ആന്റണിക്ക് കൈമാറി. സോണിയയും പ്രിയ നേതാവിന്റെ ആരോഗ്യ വിവരങ്ങൾ ചോദിച്ച് മനസിലാക്കി. സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയവും സംസാര വിഷയമായി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയെങ്കിലും അതിന്റെ പേരിൽ അമിത ആത്മവിശ്വാസം അപകടമാണെന്ന് ആന്റണി പറഞ്ഞു.സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സംഘടനാ ശക്തിയെ കുറച്ച് കാണരുത്.ഇപ്പോഴത്തെ സാഹചര്യത്തിൽ മാനസികമായി രണ്ട് പാർട്ടികളും വലിയ ഐക്യത്തിലാണ്. ഇത് മുൻകൂട്ടി കണ്ടാവണം പ്രവർത്തനങ്ങൾ . കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും ആന്റണി വ്യക്തമാക്കി.യു.ഡി.എഫ് വിപുലീകരണം ഗുണകരമാണെങ്കിലും, കേരള കോൺഗ്രസ് (എം) പോലുള്ള സംഘടനകളെ കൊണ്ടുവരുന്നതിന് അമിത പരിഗണന നൽകേണ്ടതില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. തുടർന്ന് ആന്റണിയും രാഹുൽഗാന്ധിയും മാത്രമായി പത്തു മിനിട്ടോളം ചർച്ച നടത്തി.
എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് , യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ,രാജ് മോഹൻ ഉണ്ണിത്താൻ എം.പി എന്നിവരും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. 35 മിനിട്ടോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുലും മറ്റ് നേതാക്കളും, അന്തരിച്ച മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. തുടർന്ന് ഡൽഹിക്ക് പോകാൻ തിരുവനന്തപുരം എയർപോർട്ടിലെത്തിയ രാഹുലിന് നേതാക്കൾ യാത്രഅയപ്പ് നൽകി.